‘മോനേ, നിനക്ക് എന്ത് പറ്റിയെടാ’ എന്നാണ് മമ്മൂക്ക ചോദിച്ചത്’ ; മിഥുന്‍ രമേശ് പറയുന്നു
1 min read

‘മോനേ, നിനക്ക് എന്ത് പറ്റിയെടാ’ എന്നാണ് മമ്മൂക്ക ചോദിച്ചത്’ ; മിഥുന്‍ രമേശ് പറയുന്നു

ലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുന്‍ രമേഷ്. നടനായാണ് മിഥുന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കയ്യടി നേടി. ആര്‍ജെ എന്ന നിലയിലും മിഥുന്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ മിഥുന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത് അവതാരകനായതോടെയാകും. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായതോടെ മിഥുന്‍ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിഥുന്‍. ഭാര്യ ലക്ഷ്മിയുടേയും മിഥുന്റേയും രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിഥുന്‍ രമേശ് ബെല്‍സ് പാഴ്‌സി രോഗത്തിന് ചികിത്സയിലായിരുന്നു. ചികിത്സയെല്ലാം കഴിഞ്ഞ് തന്റെ ജോലിസ്ഥലത്തേത്ത് തിരിച്ചെത്തി. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7ലാണ് മിഥുന്‍ പ്രവര്‍ത്തിക്കുന്നത്. 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് മിഥുന്‍ എത്തുന്നതേയുള്ളൂവെങ്കില്‍ കൂടിയും ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും.

ഇപ്പോഴിതാ രോഗാവസ്ഥയില്‍ സിനിമയിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയ സപ്പോര്‍ട്ടിനെ കുറിച്ച് തുറന്നു പറയുകയാണ് മിഥുന്‍. ‘പലരും എനിക്ക് വേണ്ടി അര്‍ച്ചന കഴിപ്പിക്കുക, പള്ളിയില്‍ പ്രാര്‍ത്ഥന കൂടുകയൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. ആദ്യദിവസം തന്നെ മമ്മൂക്ക വിളിച്ചു. അദ്ദേഹം ഇതുവരെയും നേരിട്ട് വിളിച്ചിട്ടില്ല. എന്തെങ്കിലും ഒരു കാര്യത്തിന് അദ്ദേഹത്തിന് ഒപ്പം ഉള്ളവരായിരിക്കും അല്ലേ വിളിക്കുന്നത്. ഇത്തവണ നേരിട്ട് വിളിച്ച് ‘മോനേ, നിനക്ക് എന്ത് പറ്റിയെടാ’ എന്നാ ചോദിച്ചത്. സുരേഷേട്ടന്‍ വിളിച്ചു. ദിലീപേട്ടന്‍ ഡോക്ടര്‍മാരോട് സംസാരിച്ചു. ചാക്കോച്ചന്‍ നേരെ ആശുപത്രിയിലേക്ക് വന്നു. പിഷാരടി, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് തുടങ്ങി എല്ലാവരും എന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കുമായിരുന്നു. നിവിന്റെ പടം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് അസുഖം വരുന്നത്. അഞ്ച് സീനേ ഞാന്‍ അതില്‍ ചെയ്തിട്ടുള്ളൂ. എന്റെ പ്രശ്‌നം മാറിവരാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും അഞ്ച് സീനല്ലേ ഉള്ളൂ അത് മാറ്റിയെടുക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. ‘നിങ്ങള്‍ ആരോഗ്യം നോക്കിക്കോളൂ. ബാക്കിയൊക്കെ നമ്മള്‍ ചെയ്‌തോളാം. മിഥുന്‍ തിരിച്ച് വന്നിട്ട് ബാക്കി ഷൂട്ട് ചെയ്യാം’ എന്നാണ് നിവിന്‍ പറഞ്ഞത്. അങ്ങനെ ഉള്ള സപ്പോര്‍ട്ടൊക്കെ ലഭിക്കുന്നത് വലിയ കാര്യമാണ്. അനുഗ്രഹമാണത്’, എന്ന് മിഥുന്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലാണ് മിഥുന്‍ രമേശ് ചികിത്സ തേടിയത്. കോമഡി ഉത്സവം ഷൂട്ട് പുരോ?ഗമിക്കുന്നതിനിടെയാണ് തനിക്ക് അസുഖ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് മിഥുന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.