പിതാവ് ഫാസിൽ സംവിധാനം ചെയ്ത ‘കൈയ്യെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ആ ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു അതിഥി വേഷവും കൈകാര്യം ചെയ്തിരുന്നു. 2002 പുറത്തിറങ്ങിയ ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം ശക്തമായ തിരിച്ചുവരവിലൂടെ ഫഹദ് ഫാസിൽ മലയാള സിനിമയ്ക്ക് തന്നെ ഒരു മുതൽക്കൂട്ടായി മാറിയ കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്. തുടർന്ന് മികച്ച ചിത്രങ്ങളിലൂടെ ഗംഭീര പ്രകടനം കാഴ്ചവച്ചു കൊണ്ട് ഫഹദ് ഫാസിൽ കളം നിറഞ്ഞപ്പോൾ മലയാള സിനിമ തന്നെ അടിമുടി മാറുകയാണ് ചെയ്തത്. വലിയൊരു താരമായി വളരുന്നതിനോടൊപ്പം ‘കൈയ്യെത്തും ദൂരത്തി’നുശേഷം ലാൽജോസ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഇമ്മാനുവൽ എന്ന ചിത്രത്തിലും ഫഹദ് ഫാസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 11 വർഷങ്ങൾക്കിപ്പുറം ആണ് ഫഹദ് ഫാസിൽ മമ്മൂട്ടിയും ഇമ്മാനുവൽ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചത്. വളരെ മികച്ച അഭിപ്രായം നേടിയ ഇമ്മാനുവൽ എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനം വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള സിനിമയുടെ സൂപ്പർ താരങ്ങളുടെ പട്ടികയിൽ ഫഹദ് ഫാസിലിന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണെന്ന് നിസ്സംശയം പറയാൻ സാധിക്കും.
ഫഹദ് ഫാസിലിന്റെ താരമൂല്യം വളരെ വലിയ ഉന്നതിയിൽ നിൽക്കുമ്പോൾ ആരാധകർക്ക് ആവേശം പകരുന്ന പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഫഹദ് ഫാസിലും നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുതാരങ്ങളും ഒന്നിക്കുന്ന പുതിയ ചിത്രം മലയാളത്തിൽ ആയിരിക്കില്ല എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇൻഡസ്ട്രി ആയ തെലുങ്കിൽ ആയിരിക്കും മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിച്ചു അഭിനയിക്കുക. അഖിൽ അക്കിനേനിയുടെ ‘ഏജന്റ്’ എന്ന ചിത്രത്തിലാണ് മലയാളത്തിലെ രണ്ട് സൂപ്പർതാരങ്ങളും ഒരുമിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഈ ചിത്രത്തിൽ മമ്മൂട്ടി വില്ലനായി എത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആരാധകർക്ക് വലിയ ആവേശം നൽകിയ വാർത്തയ്ക്ക് ശേഷമാണ് ഈ ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട ഫഹദ് ഫാസിൽ ഉടൻ തന്നെ കരാറിൽ ഒപ്പുവയ്ക്കും എന്നാണ് സൂചനകൾ. ഔദ്യോഗികമായ ഒരു അറിയിപ്പിന് വേണ്ടിയാണ് ആരാധകരും സിനിമാ പ്രേമികളും ഇപ്പോൾ കാത്തിരിക്കുന്നത്.