“കൺഗ്രാജുലേഷൻസ് സല്ലു ഭായ്, ഗോഡ്ഫാദറിന്റെ അൽഭുതാവഹമായ വിജയത്തിന് പിന്നിൽ മസൂദ് ഭായിയാണ്”… സൽമാൻ ഖാന് അഭിനന്ദനങ്ങളുമായി ചിരഞ്ജീവി
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവി നായകനായ ‘ഗോഡ്ഫാദർ’. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ഗോഡ്ഫാദറിൽ ചിരഞ്ജീവിയും അഭിനയിച്ചിരിക്കുന്നത്. ഗോഡ്ഫാദർ ചിരഞ്ജീവിയുടെ 153 മത്തെ ചിത്രമായിരുന്നു. ലൂസിഫർ വമ്പൻ ഹിറ്റായി മാറിയതിനു പുറകെയാണ് ചിരഞ്ജീവി ലൂസിഫർ റീമേക്ക് അവകാശം സ്വന്തമാക്കിയത്. തമിഴ് സംവിധായകനായ മോഹൻലാൽ രാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ഗോഡ്ഫാദർ തീയേറ്ററുകളിലേക്ക് എത്തിയത്. രണ്ടുദിവസം കൊണ്ട് ഈ ചിത്രം 69 കോടിയാണ് നേടിയത്. ഗോഡ് ഫാദർ ഒരു പാൻ ഇന്ത്യൻ സിനിമയാക്കി മാറ്റിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് മുൻപൊരിക്കൽ ചിരഞ്ജീവി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിരഞ്ജീവി അപ്‌ലോഡ് ചെയ്ത വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഗോഡ് ഫാദറിന്റെ വിജയത്തിന് സൽമാൻഖാനെ അഭിനന്ദിക്കുകയാണ് ചിരഞ്ജീവി വീഡിയോയിൽ. മലയാളം വേർഷൻ ആയാൽ ലൂസിഫറിൽ പൃഥ്വിരാജ് ചെയ്ത കഥാപാത്രം തെലുങ്ക് വേർഷനിൽ ചെയ്തത് സൽമാൻ ഖനാണ്. സയിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ അഭിനയിച്ചത്. ഈ കഥാപാത്രമാണ് ഗോഡ്ഫാദറിന്റെ വിജയത്തിന് പിന്നിൽ എന്ന് ചിരഞ്ജീവി വീഡിയോയിൽ പറഞ്ഞു. “കൺഗ്രാജുലേഷൻസ് സല്ലു ഭായ്, ഗോഡ്ഫാദറിന്റെ അൽഭുതാവഹമായ വിജയത്തിന് പിന്നിൽ മസൂദ് ഭായിയാണ്. താങ്ക്യൂ ആൻഡ് ലവ് യു. വന്ദേമാതരം”. വീഡിയോയിൽ ചിരഞ്ജീവി പറഞ്ഞു.
ഗോഡ്ഫാദർ റിലീസ് ചെയ്തതിനു പിന്നാലെ സൽമാൻ ഖാനും ചിരഞ്ജീവിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.”ചീരുഗാരു, ഐ ലവ് യു, ഗോഡ്ഫാദറിന് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നതായി അറിഞ്ഞു. ആശംസകൾ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും വളരെ പവർഫുൾ ആണ്”. വീഡിയോയിൽ സൽമാൻ ഖാൻ പറഞ്ഞു. കോനിഡേല പ്രൊഡക്ഷൻ കമ്പനിയുടെയും സൂപ്പർഗുഡ് ഫിലിംസിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് എൻ. വി. പ്രസാദാണ്. മലയാളം വേർഷനിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രത്തെ തെലുങ്കിൽ നയൻതാരയാണ് ചെയ്തത്. ചിത്രത്തിന്റെ ഛായാഗ്രഹകൻ നീരവ് ഷായാണ്. കലാസംവിധായകൻ സുരേഷ് സെൽവരാജൻ ആണ്.