നിരവധി സൂപ്പർഹിറ്റുകൾ, പത്ത് മില്യണിലധികം പരാമർശങ്ങൾ; പുത്തൻനേട്ടവുമായി മമ്മൂട്ടി
കുറച്ച് കാലങ്ങളായി മലയാള സിനിമയ്ക്ക് ഏറ്റവുമധികം ഹിറ്റുകൾ നൽകിയ താരമാണ് മമ്മൂട്ടി. ഹിറ്റുകൾ മാത്രമല്ല, ഹിറ്റുകൾ മാത്രമല്ല, വ്യത്യസ്തമായ പ്രമേയമുള്ള ചിത്രങ്ങളിലെ അതിലേറെ വ്യത്യസ്ത കഥാപാത്രങ്ങളെയും അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഏറ്റവുമൊടുവിലിറങ്ങിയ മമ്മൂട്ടിച്ചിത്രം കാതൽ ദി കോർ.
ഇങ്ങനെ മറ്റാരാലും അനുകരിക്കാനാകാത്ത ഭാവപകർച്ചയോടെ മലയാളത്തിന്റെ പ്രിയതാരം ഇന്നും തന്റെ സിനിമാ ജീവിതം തുടർന്ന് കൊണ്ടിയിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ പുത്തൻ നേട്ടത്തിന് അർഹനായിരിക്കുകയാണ് മമ്മൂട്ടി. മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പുരുഷതാരം എന്ന ഖ്യാതിയാണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്.
പത്ത് മില്യണിലധികം പരാമർശങ്ങളാണ് താരവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്യുന്നു. കണ്ണൂർ സ്ക്വാഡിലെ പ്രകടനത്തിനൊപ്പം മറ്റേതൊരു സൂപ്പർ താരവും എടുക്കാൻ മടിക്കുന്ന കാതലിലെ സ്വവർഗാനുരാഗിയായി എത്തിയ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ പ്രകടനം ന്യൂയോർക്ക് ടൈംസിൽ ഉൾപ്പെടെ പല പ്രമുഖ ചർച്ചാ വേദികളിലും നിറസാന്നിധ്യം അയിമാറി.
ജിയോ ബേബിയുടെ സംവിധാനത്തിൽ ഇറങ്ങിയ സിനിമയാണ് കാതൽ. ജ്യോതിക നായികയായി എത്തിയ ചിത്രം ഐഎഫ്എഫ്കെ, ഗോവൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചിരുന്നു. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമകളിലൊന്ന്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതനും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടർബോ, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് സിനിമകൾ.