മീരാ ജാസ്മിൻ നരേൻ ജോഡി വർഷങ്ങൾക്ക് വീണ്ടും ഒന്നിക്കുന്നു; ക്യൂൻ എലിസബത്ത് റിലീസ് തീയതി പുറത്ത്
1 min read

മീരാ ജാസ്മിൻ നരേൻ ജോഡി വർഷങ്ങൾക്ക് വീണ്ടും ഒന്നിക്കുന്നു; ക്യൂൻ എലിസബത്ത് റിലീസ് തീയതി പുറത്ത്

മീരാ ജാസ്മിനും നരേനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ക്യൂൻ എലിസബത്ത്’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 29നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനർ ജോണറിലാണ് തിയേറ്ററുകളിലെത്തുന്നത്.

‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ സിനിമകളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അർജുൻ ടി സത്യനാണ്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

ശ്വേത മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രൺജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ‘ക്യൂൻ എലിസബത്തി’ലൂടെ വീണ്ടും ഹിറ്റ് സംഭവിക്കുമോയെന്ന ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.