‘ഏറ്റവും വലിയ ആഗ്രഹം ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണം’ ; മീരാ ജാസ്മിന്‍ വെളിപ്പെടുത്തുന്നു
1 min read

‘ഏറ്റവും വലിയ ആഗ്രഹം ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണം’ ; മീരാ ജാസ്മിന്‍ വെളിപ്പെടുത്തുന്നു

ലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് മീരാ ജാസ്മിന്‍. ലോഹിതദാസ് എന്ന പ്രതിഭ മലയാളത്തിന് സമ്മാനിച്ച് കഴിവുറ്റ നായികമാരില്‍ ഓരാളായിരുന്നു മീരാ ജാസ്മിന്‍. 2001ല്‍ ആയിരുന്നു മീരാ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സൂത്രധാരന്‍ എന്ന ചിത്രത്തിലെ ദിലീപിന്റെ നായികയായ ശിവാനിയായുള്ള മീരയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും പിന്നാലെ നിരവധി നായികാ അവസരങ്ങള്‍ ലഭിക്കാന്‍ കാരണമാവുകയും ചെയ്തു. കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, പാട്ടിന്റെ പാലാഴി, ഒന്നും മിണ്ടാതെ, പത്ത് കല്‍പനകള്‍ എന്നീ നിരവധി ചിത്രങ്ങളിലൂടെ താരത്തിന്റെ അഭിനയമികവ് പ്രേക്ഷകര്‍ക്ക് കാഴ്ച്ചവെച്ചു.

പിന്നീട് 2016ന് ശേഷം മീര സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ജയറാമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഇപ്പോഴിതാ താരം എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. പുതിയ സംവിധായകര്‍ക്കൊപ്പം തനിക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും തനിക്ക് ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ടെന്നുമെല്ലാമാണ് അഭിമുഖത്തില്‍ മീര പറയുന്നത്.

ഞാന്‍ ഷൈ ആണ്, പണ്ടൊക്കെ ആന്റി സോഷ്യലായിരുന്നു. അതെല്ലാം പണ്ട് എനിക്കുണ്ടായിരുന്ന സ്വഭാവത്തിന്റെ ഭാഗമായിരുന്നു. അവാര്‍ഡ് കിട്ടിയാല്‍ പോലും അത് വാങ്ങുവാനായി പോകില്ലായിരുന്നു. ഒരുപാടാളുകള്‍ കൂടിച്ചേര്‍ന്നിരിക്കുന്നിടത്ത് പോകാന്‍ പ്രശ്‌നമായിരുന്നു. ചെറുപ്പത്തിലേ മമ്മിയുടെ സാരിതുമ്പത്ത് പിടിച്ച് നില്‍ക്കുന്ന കുട്ടിയായിരുന്നു. കാല്ം മാറി, ഞാനൊരു പബ്ലിക് ഫിഗറായിരുന്നില്ല എങ്കിലും ചിന്തിക്കൂ, ഇപ്പോ എല്ലാവര്‍ക്കുമില്ലേ ഇന്‍സ്റ്റയൊക്കെ, കാലത്തിന്റെ ആവശ്യമായി. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതൊന്നുമില്ലെങ്കില്‍ ഒറ്റപ്പെട്ടുപോകുമെന്നും മീര പറയുന്നു.

എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരൊടൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ട്. ഇപ്പോഴത്തെ നടിമാരെല്ലാം തന്നെ തനിക്ക് മെസേജുകള്‍ അയക്കാറുണ്ട്. ഒരുപാട് സീനിയര്‍ ആയിട്ട് ആരും എന്നെ കാണുന്നതിനോട് എനിക്ക് വലിയ ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സര്‍പ്രൈസായി. മഞ്ജുചേച്ചിയുണ്ട്, ഭാവന ഇപ്പോള്‍ വരുന്നു. ഞാന്‍ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്. ഞാന്‍ പ്രൈവസിയുള്ള ഒരാളാണെന്നും മീര കൂട്ടിച്ചേര്‍ത്തു.

ഞാന്‍ അടുത്ത് തന്നെ ഒരു പുതിയ സിനിമ ചെയ്യുമോ എന്ന കാര്യത്തില്‍ വല്യ ഉറപ്പൊന്നുമില്ല. നൂറ് ശതമാനം സാറ്റിസ്‌ഫൈഡ് ആണെങ്കില്‍ മാത്രമേ ചെയ്യുകയുള്ളൂ. ദൈവം എനിക്ക് ആയുസ് തന്നാല്‍ 80-90 വയസ്സുവരെ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയാല്‍ ഞാന്‍ അത് ചെയ്യും. ഇപ്പോള്‍ പുതിയ കഥകളെല്ലാം കേള്‍ക്കുന്നുണ്ട്. എന്റെ വലിയൊരു ആഗ്രഹം ആണ് ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കണമെന്നതെന്നും മീര വ്യക്തമാക്കുന്നു.