മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക് ; എപ്പോൾ എവിടെ ?
1 min read

മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക് ; എപ്പോൾ എവിടെ ?

മലയാള സിനിമ അതിന്‍റെ വൈവിധ്യം കൊണ്ടും ഉള്ളടക്കത്തിന്‍റെ നിലവാരം കൊണ്ടും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ച സൃഷ്ടിച്ച മാസമാണ് കടന്നുപോകുന്നത്. ജനപ്രീതി നേടിയ ഒരു നിര ശ്രദ്ധേയ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് യുവനിര ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്നത്. ആദ്യദിനം മുതല്‍ തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ചിത്രം. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസില്‍ കുതിക്കുന്നത്.

കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ സംഘത്തിന്‍റെ 2006ലെ അനുഭവമാണ് ചിത്രം പറയുന്നത്. സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന ഒരു സിനിമയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രദര്‍ശനത്തിനെത്തിയത്. അതിജീവനത്തിന് റിയലിസ്റ്റിക് സ്വാഭവമുള്ള ഒരു സിനിമയായതിനാല്‍ മഞ്ഞുമ്മല്‍ ബോയ്‍സ് യുവ പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കുന്നു. ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ശക്തമായ ബോക്സോഫീസ് സാന്നിധ്യമായതിനാല്‍ മഞ്ഞുമ്മലിന്‍റെ ഒടിടി റിലീസ് അല്‍പ്പം വൈകും. സാധാരണ വരാറുള്ള 28 ദിവസ വിന്‍റോയില്‍ ആയിരിക്കില്ല മഞ്ഞുമ്മലിന്‍റെ ഒടിടി റിലീസ് എന്നാണ് വിവരം. അതായത് മഞ്ഞുമ്മല്‍ ബോയ്സ് വരുന്ന ഏപ്രിലില്‍ പ്രതീക്ഷിക്കാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആയിരിക്കും മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഒടിടി പ്ലാറ്റ്ഫോം എന്നാണ് റിപ്പോര്‍ട്ട്.

ചിത്രം 50 കോടിയിലേക്ക് കുതിക്കുകയാണ്. തിങ്കളാഴ്‍ച മഞ്ഞുമ്മല്‍ ബോയ്‍സ് 2.4 കോടി രൂപയാണ് നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 41 കോടി രൂപയിലധികം നേടാൻ മഞ്ഞുമ്മല്‍ ബോയ്‍സില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ സാധിച്ചിട്ടുണ്ടെന്നതും ആ നിര്‍ണായക സംഖ്യയിലേക്കുള്ള കുതിപ്പായി കണക്കാക്കാം. എന്തായാലും മലയാളത്തിന്റെ പുതിയ 50 കോടി ക്ലബില്‍ വൈകാതെ മഞ്ഞുമ്മല്‍ ബോയ്‍സും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.