തിയേറ്റർ ഒഴിയാനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്; ഇനി ഒടിടിയിൽ, റിലീസ് തിയതി പുറത്ത്
മലയാളത്തിലും തമിഴ് നാട്ടിലും ഒരേ പോലെ തരംഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൂടാതെ സോഷ്യൽ മീഡിയ റീൽസുകളിലും മഞ്ഞുമ്മൽ തരംഗമാണ്. ‘കുതന്ത്രം’ എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറൽ റീൽസ് വരെ ഇൻസ്റ്റഗ്രാമിൽ എത്തുന്നുണ്ട്. ഒരുപാട് ഗ്രാഫിക് വിഷ്വൽസും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്.
ചിത്രം ഏപ്രിൽ 5ന് ആണ് ഒ.ടി.ടിയിൽ എത്തുക. ഏപ്രിൽ 5 മുതൽ മഞ്ഞുമ്മൽ ബോയ്സ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. 200 കോടിക്ക് മുകളിൽ നേട്ടം കൊയ്ത് ബോക്സ് ഓഫീസിൽ കുതിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് ആയിരുന്നു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജൂഡ് ആന്റണി ചിത്രം ‘2018’നെ പൊട്ടിച്ചാണ് മഞ്ഞുമ്മൽ ബോയ്സ് മുന്നിലെത്തിയത്. 170.50 കോടി ആയിരുന്നു 2018ന്റെ കളക്ഷൻ. കളക്ഷനിൽ ‘പുലിമുരുഗൻ’, ‘ലൂസിഫർ’ എന്നീ ചിത്രങ്ങളെയും മഞ്ഞുമ്മൽ ബോയ്സ് പിന്നിലാക്കി.
ചിദംബരം സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രത്തിൽ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു എന്നവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലുള്ള ചില യുവാക്കൾക്ക് നേരിടേണ്ടി വന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്.
മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്രപോവുന്നതും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് പറയുന്നത്. സിനിമ ഹിറ്റായതോടെ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സും കേരളത്തിൽ താരങ്ങളായി മാറി. കൂടാതെ ഗുണകേവിനെ ചുറ്റിപറ്റി വികസിക്കുന്ന ചിത്രത്തിൽ ‘ഗുണ’ എന്ന കമൽഹാസൻ ചിത്രത്തിലെ ‘കൺമണി അൻപോട്’ എന്ന ഗാനം ഉൾപ്പെടുത്തിയത് വൻ സ്വീകാര്യത നേടിയിരുന്നു.