ഭ്രമയുഗത്തെ കടത്തി വെട്ടി മഞ്ഞുമ്മൽ ബോയ്സ്: ഓപ്പണിങ്ങ് ദിനത്തിൽ ഗംഭീര കളക്ഷൻ
ബോക്സ് ഓഫിസുകളിൽ ഞെട്ടിക്കുന്ന നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി റിലീസുകളിൽ ഓപ്പണിങ്ങ് ഡേ തന്നെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ് ഈ ചിത്രം. ചിത്രത്തിന് ഗംഭീര ഓപ്പണിംഗ് ദിന കളക്ഷൻ ആണ് ചിത്രം തിയേറ്ററുകളിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം 5.5 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് ആദ്യ ദിനം തിയേറ്ററിൽ നിന്നും നേടിയത്. ഇത് വമ്പിച്ച വിജയമായി വേണം കണക്കാക്കാൻ.
ഇതോടെ സൂപ്പർ സ്റ്റാറുകൾ ഒന്നുമില്ലാതെ മലയാള സിനിമയിൽ വലിയ നേട്ടം കൊയ്യാൻ പോകുന്ന ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ‘പ്രേമലു’, ‘ഭ്രമയുഗം’, ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നീ ചിത്രങ്ങളുടെ ഓപ്പണിംഗ് കളക്ഷനെ വെട്ടിച്ചാണ് മഞ്ഞുമ്മൽ ബോയ്സ് ആദ്യ ദിനം ഗംഭീര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
മമ്മൂട്ടി ചിത്രം ഭ്രമയുഗം ആദ്യ ദിനം മൂന്ന് കോടി ആയിരുന്നു നേടിയത്. പ്രേമലു 90 ലക്ഷവും അന്വേഷിപ്പിൻ കണ്ടെത്തും ചിത്രം ആദ്യ ദിനം ഒരു കോടിക്ക് മുകളിലും ആയിരുന്നു നേടിയത്. 2006ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ യുവാക്കളിൽ ഒരാൾ ഗുണാ കേവിൽ അകപ്പെട്ട സംഭവമാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവവുമായി ബന്ധപ്പെടുത്തി എടുത്ത ഈ ചിത്രം കാണാൻ ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സ് എത്തിയതും വാർത്തയായിരുന്നു.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ഖാലിദ് റഹ്മാനും ഈ ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.
ആദ്യ ദിനം മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. മഞ്ഞുമ്മൽ ബോയ്സിന്റെ ബാക്ഗ്രൗണ്ട് സ്കോറിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. വിവേക് ഹർഷൻ ആണ് എഡിറ്റിംഗ്.