2018നെ പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; വിദേശത്തെ ഏറ്റവും വലിയ മലയാളം ഹിറ്റ് ചിത്രം
2024 മലയാള സിനിമയുടെ സുവർണ്ണകാലമാണ്. 2024 ഫെബ്രുവരി മാസത്തിൽ ഇന്ത്യൻ സിനിമ ഏറ്റവും ശ്രദ്ധിച്ചത് മോളിവുഡിനെയാണ്. അടുത്തടുത്ത് തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങൾ- അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നിവ മികച്ച വിജയം നേടിയതാണ് അതിന് കാരണം. ഇതിൽ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നേടിയത് മലയാളം ഇതുവരെ സ്വപ്നം പോലും കാണാതിരുന്ന തരം വിജയമാണ്.
പ്രേമലു തെലുങ്ക് സംസ്ഥാനങ്ങളിലും കളക്ഷൻ റെക്കോർഡ് ഇട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം മഞ്ഞുമ്മൽ ബോയ്സ് ഒരു പുതിയ ബോക്സ് ഓഫീസ് റെക്കോർഡ് കൂടി സൃഷ്ടിച്ചിട്ടുണ്ട്. വിദേശ മാർക്കറ്റുകളിൽ നിന്ന് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച കളക്ഷൻ എന്ന റെക്കോർഡ് ആണ് അത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തെ പിന്നിലാക്കിയാണ് ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ഒന്നാമത് എത്തിയിരിക്കുന്നത്.
8.3 മില്യൺ ഡോളർ ആണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. അതായത് 69 കോടി രൂപ! കൊടൈക്കനാൽ പ്രധാന കഥാപശ്ചാത്തലമാക്കുന്ന, കമൽ ഹാസൻറെ ഗുണ സിനിമയുടെ റെഫറൻസ് ഉള്ള ചിത്രം തമിഴ്നാട്ടിൽ വൻ കളക്ഷൻ നേടിയെങ്കിൽ വിദേശ മാർക്കറ്റുകളിലും ചിത്രം മലയാളികൾക്കൊപ്പം തമിഴരും കണ്ടു. നിലവിൽ രണ്ടാം സ്ഥാനത്തുള്ള 2018 ൻറെ ഓവർസീസ് കളക്ഷൻ 8.26 മില്യൺ ആണ്.
ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ലൂസിഫറും നാലാം സ്ഥാനത്ത് പുലിമുരുകനും അഞ്ചാം സ്ഥാനത്ത് പ്രേമലുവുമാണ്. അതേസമയം നാലാം വാരം പിന്നിട്ടപ്പോഴും ചിത്രത്തിന് ഇപ്പോഴും മികച്ച സ്ക്രീൻ കൗണ്ടും പ്രേക്ഷകരുമുണ്ട്. ഒടിടി ഡീൽ നേരത്തേ തീരുമാനിക്കപ്പെട്ടിരുന്നെങ്കിൽ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയേനെ. അക്കാര്യത്തിൽ നേരത്തേ തീരുമാനം ആവാതിരുന്നത് ബോക്സ് ഓഫീസ് കളക്ഷന് ഏറെ ഗുണകരമായി.