​ആടുജീവിതത്തിന് പ്രദർശനാനുമതി നിഷേധിച്ച് ​ഗൾഫ് രാജ്യങ്ങൾ: യുഎഇയിൽ മാത്രം മലയാളം പതിപ്പ് പ്രദർശിപ്പിക്കാം
1 min read

​ആടുജീവിതത്തിന് പ്രദർശനാനുമതി നിഷേധിച്ച് ​ഗൾഫ് രാജ്യങ്ങൾ: യുഎഇയിൽ മാത്രം മലയാളം പതിപ്പ് പ്രദർശിപ്പിക്കാം

ബ്ലസ്സിയുടെ ‘ആടുജീവിതം’ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ പ്രദർശാനാനുമതിയില്ല. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമേ സിനിമയ്ക്ക് പ്രദർശാനാനുമതി നൽകിയിട്ടുള്ളു. വിവിധ ഇന്ത്യൻ ഭാഷകളിൽ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ മലയാളം പതിപ്പ് മാത്രമാണ് യുഎഇയിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. നൂൺഷോയോട് കൂടിയാണ് യുഎഇയിൽ എല്ലായിടത്തും പ്രദർശനം ആരംഭിക്കുക.

ജനപ്രിയമായ ബെന്യാമിന്റെ ബഹ്‌റൈനിൽ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിൻ നജീബിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ൽ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളിൽ പുസ്തകം വിവർത്തനം ചെയ്ത നോവൽ ഗൾഫിൽ നിരോധിക്കപ്പെട്ടിരുന്നു. നജീബിനെ അറബി കൊണ്ടുപോയി മരുഭൂമിയിൽ തള്ളുന്നതും ഭക്ഷണം പോലും നൽകാതെ പണി എടുപ്പിക്കുന്നതാണ് നോവൽ ഗൾഫിൽ നിരോധിക്കാൻ കാരണമായത്. അതുകൊണ്ട് തന്നെ ആടുജീവിതം യുഎഇയിൽ കൂടി നിരോധിക്കുമോ എന്ന ആശങ്കയിലാണ് സിനിമാസ്വാദകർ.

‘ആടുജീവിതം’ നോവൽ സിനിമ ആകുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. ആടുമേയ്ക്കുന്ന ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് നോവൽ. എൺപതുകളിലും മറ്റും ധാരാളം മലയാളികൾ അനുഭവിച്ച കാര്യമാണ് ബെന്യാമിന്റെ പുസ്തകത്തിൽ പറയുന്നത്. അതിലെ നജീബ് എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

മാത്രമല്ല, ബ്ലസ്സിയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലം കൂടിയാണ് ആടുജീവിതം എന്ന സിനിമ. മലയാളികൾക്ക് വളരെ നല്ല സിനിമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ഈ സംവിധായകൻ വർഷങ്ങളോളം മറ്റ് സിനിമകളൊന്നും ചെയ്യാതെ ഈ സിനിമയ്ക്ക് വേണ്ടി തന്റെ കലാജീവിതം മാറ്റിവയ്ക്കുകയായിരുന്നു. അതുപോലെ പൃഥ്വിരാജിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച സിനിമയായിരിക്കും ആടുജീവിതം. സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറെല്ലാം ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്.

ലോക്ഡൗൺ സമയത്ത് പൃഥ്വിരാജും ബ്ലസ്സിയും ഉൾപ്പെടെയുള്ള ചിത്രീകരണ സംഘം ജോർദാനിൽ പരിമിതമായ സൗകര്യങ്ങളിൽ കുടുങ്ങിപ്പോയതും വാർത്തയായിരുന്നു. ഇപ്പോൾ സിനിമയുടെ പ്രീ പ്രമോഷന്റെ ഭാ​ഗമായി അണിയറപ്രവർത്തകർ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. ചിത്രത്തിൽ വ്യത്യസ്ത നാല് ലുക്കുകളിലാണ് പൃഥ്വിരാജ് എത്തുന്നത്. നടി അമല പോളാണ് ആടുജീവിതത്തിലെ നായിക.