‘എടോ. . താനെന്റെ ഡാനി കണ്ടിട്ടുണ്ടോ. . അതിലെന്റെ അഭിനയം കണ്ടിട്ടുണ്ടോ’; മാധ്യമ പ്രവർത്തകനോട്‌ മമ്മൂട്ടിയുടെ കൗതുകം നിറയ്ക്കുന്ന ചോദ്യം
1 min read

‘എടോ. . താനെന്റെ ഡാനി കണ്ടിട്ടുണ്ടോ. . അതിലെന്റെ അഭിനയം കണ്ടിട്ടുണ്ടോ’; മാധ്യമ പ്രവർത്തകനോട്‌ മമ്മൂട്ടിയുടെ കൗതുകം നിറയ്ക്കുന്ന ചോദ്യം

കാരഭംഗി, മുഖസൗന്ദര്യം, ഘനഗംഭീരമായ ശബ്ദം, വിവിധ ഭാഷകളിലുള്ള പ്രാവീണ്യം, ഗൗരവതരമായ വേഷങ്ങളിലെ അഭിനയപാടം എന്നീ ഗുണങ്ങളാല്‍ നടനെന്ന് നിലയില്‍ പൂര്‍ണ്ണനാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏതൊരു കഥാപാത്രമായാലും ആ കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിചെന്ന് ചെയ്യുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന ഒരു നടനാണ് അദ്ദേഹം. കഥാപാത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ രൂപം മാറ്റാന്‍ വരെ അദ്ദേഹം തയ്യാറാകുന്നു. തന്റെ താരപദവിയുടെ സാധ്യതകളേയും സാമ്പത്തിക മൂല്യങ്ങളേയുമൊക്കെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്ന ആള്‍ കൂടിയാണ് മമ്മൂട്ടി. വളരെ സെലക്ടീവായിട്ടുള്ള ചിത്രങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളത്.

ചരിത്ര കഥകളിലെ കഥാപാത്രങ്ങളാവാന്‍ മമ്മൂട്ടിയോളം കഴിവുള്ള മറ്റൊരു നടന്‍ മലയാള സിനിമയിലില്ല എന്ന് തന്നെ പറയാം. വടക്കന്‍ വീരഗാഥയിലെ ചന്തുവും കേരള വര്‍മ്മ പഴശ്ശീരാജയും മുതല്‍ കുടുംബത്തിലെ വല്യേട്ടന്‍ വരെയായി മമ്മൂട്ടിയങ്ങനെ മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നിരവധി ഹിറ്റ് സിനിമകള്‍കൊപ്പം ആരും അറിയാതെ പോയ ഒരു ചിത്രത്തെക്കുറിച്ച് മമ്മൂട്ടി ഒരു സഹപ്രവര്‍ത്തകനോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘എടോ.. താനെന്റെ ഡാനി കണ്ടിട്ടുണ്ടോ..അതിലെന്റെ അഭിനയം കണ്ടിട്ടുണ്ടോ’ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. എന്തുകൊണ്ടാവും അങ്ങനൊരു ചോദ്യം മമ്മൂട്ടിയ്ക്ക് ചോദിക്കേണ്ടി വന്നിട്ടുണ്ടാവുക ? മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഈ ചിത്രം വരാതിരുന്നതിന് കാരണം എന്തായിരിക്കും?

പ്രശസ്ത മലയാളം സംവിധായകന്‍ ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡാനി. 2001ല്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ്, സിദ്ദിഖ്, വാണി വിശ്വനാഥ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രമായിരുന്നു ഡാനി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനും , മികച്ച ഛായാഗ്രഹകനുമുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്. ഡാനിയായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത്. ഈ ചിത്രത്തെ ചരിത്രമില്ലാത്തവന്റെ ചരിത്രമെന്നും വിശേഷിപ്പിക്കുന്നു. കേരളചരിത്രത്തിലെ പ്രധാനപ്പെട്ട ഓരോ സംഭവങ്ങള്‍ക്കും സമാന്തരമായിരുന്നു ഡാനിയുടെ ജീവിതം.

ഒരു കടലോരത്ത് ഏകാന്ത ജീവിതം നയിക്കുന്ന ആളാണ് ഡാനി. ഗിത്താര്‍ വായിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. യാതോരു വിധ പ്രശ്‌നങ്ങളും ഇല്ലാതെ പോകുന്ന ഡാനിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഭാര്യ ക്ലാര ഉപേക്ഷിച്ചു പോകുന്നു. പിന്നീട് മാര്‍ഗരെറ്റ് (വാണിവിശ്വനാഥ്) എന്ന യുവതിയെ ഡാനി രണ്ടാംവിവാഹം കഴിക്കുന്നു. അവള്‍ക്കു അവിഹിതമായി ഉണ്ടായ മകന്‍ റോബര്‍ട്ട്ന്റെ പിതൃത്വവും ഡാനി ഏറ്റെടുക്കുന്നു. വാര്‍ധക്യത്തില്‍ മറ്റുള്ളവര്‍ക്ക് ആലോസരക്കേടായതോടെ ഡാനിയേ അകലെയുള്ള ഒരു ആശുപത്രിയില്‍ കൊണ്ടാക്കുന്നു. അവിടെ വച്ച് ഭാര്‍ഗവി (മല്ലിക സാരാഭായി) എന്ന സ്ത്രീയുമായി അടുത്ത സൗഹൃദത്തില്‍ ആകുന്ന ഡാനി അവരെയും കൂട്ടി മകളുടെ അടുത്തേക്ക് പോകുന്നു. എന്നാല്‍ അവള്‍ക്കു അച്ഛന്റെ പുതിയ ബന്ധത്തെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഇതാണ് ഡാനി എന്ന ചിത്രത്തിന്റെ കഥാസാരം.

ഡാനിയുടെ ജീവിതം മമ്മൂട്ടി അനശ്വരമാക്കിയത് കൊച്ചിയുടെ മലയാളം, സംഭാഷണത്തിലൂടെയായിരുന്നു. ഫോര്‍ട്ട് കൊച്ചിയുടെ തനത് ഭാഷയിലേക്ക് പരകായപ്രവേശം നടത്താന്‍ ചിത്രത്തിലൂടെ താരത്തിന് സാധിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കലും അംഗീകരിക്കപ്പെടാത്ത നിസഹായനും നിര്‍വികാരനും ആയി ജീവിച്ച് തീര്‍ക്കേണ്ടി വന്ന ഡാനിയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അതേ അവസ്ഥ തന്നെ ആണ് ആ സിനിമയ്ക്കും സംഭവിച്ചത്. ഫെയ്‌സ്ബുക്കില്‍ ഡാനി എന്ന ചിത്രം പുതിയ തലമുറയ്ക്ക് അറിയിച്ച് കൊടുക്കുകയാണ് ഒരു കുറിപ്പിലൂടെ. പുതിയ തലമുറ ഈ ചിത്രം അറിയണമെന്നും കാണാത്തവര്‍ ആ ചിത്രം കാണണമെന്നുമുള്ള ത്വരയുണ്ടാക്കലാണ് ഈ കുറിപ്പിന്റെ ആധാരം. എന്തു കൊണ്ട് ഡാനിയെ എവിടെയും പരാമര്‍ശിക്കുന്നില്ലാ എന്നതിന് ഒറ്റ ഉത്തരമേ ഒള്ളു. ഒരു ശരാശരി മലയാളി പ്രേക്ഷകന്റെ ഭൗതീക നിലവാരത്തേക്കാള്‍ എത്രയോ ഉയര്‍ന്ന ആശയവും കഥാപാത്രം നിര്‍മ്മിതിയുമൊണെന്നതാണ് ആ ഉത്തരമെന്ന് കുറിപ്പിലൂടെ പറയുന്നു.