മമ്മൂട്ടി, ടൊവിനോ, ദിലീപ്.., തിയേറ്ററിൽ ഏറ്റുമുട്ടാനൊരുങ്ങി താരങ്ങൾ; ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്കെത്തുന്ന റിലീസുകൾ അറിയാം..
മലയാളത്തിലെ സൂപ്പർ താരങ്ങൾ തിയേറ്ററുകളെ ലക്ഷ്യം വെക്കാനൊരുങ്ങുന്ന മാസമാണ് ഈ ഫെബ്രുവരി. സൂപ്പർ താരം മമ്മൂട്ടിയുടെ 2024ലെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തുന്നത് ഫെബ്രുവരിയിലാണ്. മമ്മൂട്ടി ഗ്രേ ഷേഡിൽ എത്തുന്നുവെന്ന സൂചന നൽകുന്ന ഭ്രമയുഗം ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്.
ഫെബ്രുവരി മാസത്തിലെ ആദ്യ റിലീസ് ടൊവിനോ തോമസിന്റേതാണ്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റ് മൂവി ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ടൊവിനോ മൂന്നാമത്തെ തവണ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. പ്രശസ്ത തെന്നിന്ത്യൻ സംഗീതജ്ഞൻ സന്തോഷ് നാരായണൻ ആദ്യമായി സംഗീത സംവിധാനം നിർവ്വഹിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
പിന്നീട് ഒരാഴ്ചയ്ക്കിപ്പുറം മമ്മൂട്ടി, നിവിൻപോളി സിനിമകളുടെ ക്ലാഷാണ് ബോക്സോഫീസിനെ കാത്തിരിക്കുന്നത്. ഹൊറർ സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഭ്രമയുഗം പുതുവർഷത്തിൽ ഏറ്റവും പ്രതീക്ഷയേകുന്ന മമ്മൂട്ടി ചിത്രമാണ്. ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’യാണ് അന്നേദിവസം തീയേറ്ററിലെത്തുന്ന ചിത്രം. ഡിജോ ജോസ് ആന്റണിയാണ് സംവിധാനം. അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, മഞ്ജു പിള്ള തുടങ്ങി വലിയൊരു താരനിരയുമായാണ് ഈ ചിത്രം റിലീസിനൊരുങ്ങുന്നത്. പിറ്റേന്ന് വെള്ളിയാഴ്ച ഫെബ്രുവരി 16നും രണ്ട് മലയാള ചിത്രങ്ങളാണ് തീയേറ്ററുകളിലെത്തുന്നത്. യുവാക്കളുടെ നിരയുമായെത്തുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’, ബിജു മേനോൻ നായകനാകുന്ന ‘തുണ്ട്’ എന്നീ ചിത്രങ്ങളാണ് ഒന്നിച്ച് റിലീസ് ആകുന്ന മറ്റ് മലയാള സിനിമകൾ.
തൊട്ടടുത്ത വ്യാഴാഴ്ചയായ ഫെബ്രുവരി 22നാണ് ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രമായ തങ്കമണി റിലീസാകുന്നത്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഇതിന് മുൻപിറങ്ങിയ ദിലീപ് ചിത്രം ബാന്ദ്ര തിയേറ്ററിൽ ഓടിയിരുന്നില്ല. തങ്കമണി എന്ന ഈ ചിത്രം തിയേറ്റർ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ദിലീപ് ആരാധകർ.