“സിനിമ റിലീസ് ആകുന്നതിനു മുന്നേ ഞാൻ നിങ്ങൾക്ക് വലിയ വാഗ്ദാനം തരാതിരുന്നത് തന്നെയാണ്. സിനിമ അങ്ങനെയായിരിക്കും ഇങ്ങനെയായിരിക്കും എന്നു പറഞ്ഞ് ഒരു അഭിമുഖം വേണ്ട എന്നു കരുതി”… പ്രെസ്സ് മീറ്റിൽ മമ്മൂട്ടി പറയുന്നു
ഒക്ടോബർ 7 – നാണ് ‘റോഷാക്ക്’ തീയേറ്ററുകളിൽ റിലീസ് ആയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ആവേശമായിട്ടാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ്. സമീർ അബ്ദുൾ തിരക്കഥയെഴുതിയ റോഷാക്കില് ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭത്തിൽ ഒരുങ്ങുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും റോഷാക്കിനുണ്ട്. ഇപ്പോഴത്തെ ദുബായിൽ നടന്ന പ്രസ് മീറ്റിൽ വെച്ച് സിനിമയെ പിന്തുണച്ച പ്രേക്ഷകർക്കും മാധ്യമപ്രവർത്തകർക്കും നന്ദി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. “റോഷാക്കിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിക്കേണ്ടത്. കാരണം സിനിമ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ദുബായിലായാലും നാട്ടിലായാലും ശരി വേൾഡ് വൈഡ് സിനിമയ്ക്ക് നല്ല സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമ റിലീസ് ആകുന്നതിനു മുന്നേ ഞാൻ നിങ്ങൾക്ക് വലിയ വാഗ്ദാനം തരാതിരുന്നത് തന്നെയാണ്. സിനിമ അങ്ങനെയായിരിക്കും ഇങ്ങനെയായിരിക്കും എന്നു പറഞ്ഞ് ഒരു അഭിമുഖം വേണ്ട എന്നു കരുതി. സിനിമ റിലീസായി നിങ്ങളിൽ കുറച്ചു പേരെങ്കിലും കണ്ടതിനുശേഷം അഭിമുഖം തരാമെന്ന് വിചാരിച്ചു. അതുകൊണ്ടാണ് ഇത്രയും വൈകിയത്. സിനിമ ഇറങ്ങിയിട്ട് ഒരാഴ്ചയായി. ഒരാഴ്ച കൊണ്ട് കാണാവുന്ന കാഴ്ചക്കാരെല്ലാം സിനിമ കണ്ടു. വേറെയും ചില സ്ഥലങ്ങളിൽ നാളെ റിലീസാകും. എല്ലാ സ്ഥലത്തുനിന്നും പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്ന സിനിമയാണ് റോഷാക്ക്. സിനിമ കണ്ട നിങ്ങൾക്കായിരിക്കും കൂടുതൽ പറയാനുണ്ടാകുക. സാധാരണ സിനിമകളെല്ലാം പരീക്ഷണങ്ങളാണ്. അതുപോലെ ഒരു പരീക്ഷണം തന്നെയായിരുന്നു റോഷാക്കും. എല്ലാ സിനിമകളും രണ്ടുതരത്തിൽ പരീക്ഷണമാണ്. ഒന്ന് എടുത്തു പരീക്ഷിക്കുക രണ്ട് കാഴ്ചക്കാരെ പരീക്ഷിക്കുക. ഞാൻ മുമ്പ് പറഞ്ഞതുപോലെ റോഷാക്ക് വേറിട്ട രീതിയിലുള്ള പരീക്ഷണമാണ്.
ഇതിന്റെ കഥക്കോ കഥാഗതിക്കോ കഥാപാത്രങ്ങൾക്കോ വലിയ അത്ഭുതങ്ങളില്ല. പക്ഷേ കഥയുടെ സഞ്ചാര പാത വേറെയാണ്. കഥയുടെ നിർമ്മാണ രീതിയും ആവിഷ്കാര രീതിയിലും മാറ്റമുണ്ട്. അതുകൊണ്ടാണ് റോഷാക്ക് വേറിട്ട സിനിമയാകുന്നത്. അങ്ങനെയാണ് എല്ലാ സിനിമകളും ആകേണ്ടത്. ഞങ്ങളുടെ സഞ്ചാര പാതയ്ക്ക് എല്ലാ പിന്തുണയും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഞങ്ങൾ വിചാരിച്ച രീതിയിലല്ലാതെ വളരെ വ്യത്യസ്തമായി സിനിമയെ സൂക്ഷ്മമായി വിലയിരുത്തിയവരുണ്ട്. അതെല്ലാം ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്നതാണ്. ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഇപ്പോൾ ഇവിടെ സന്നിഹിതരാകാത്ത ഒരുപാട് പേരുണ്ട് അവരുടെ എല്ലാം പേരിൽ ഞാൻ നന്ദി പറയുകയാണ്. ഇതിൽ കൂടുതൽ പറഞ്ഞാൽ ഞാൻ കരഞ്ഞു പോകും”. മമ്മൂട്ടി പറയുന്നു.