മമ്മൂട്ടിയുടെ ആഹ്വാനം വൻവിജയത്തിലേക്ക്: പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഫോണുകളുമായി രംഗത്ത്
1 min read

മമ്മൂട്ടിയുടെ ആഹ്വാനം വൻവിജയത്തിലേക്ക്: പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഫോണുകളുമായി രംഗത്ത്

“സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട്‌ ഫോൺ,ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു. Team Care and Share International Foundation”- കഴിഞ്ഞദിവസം മെഗാസ്റ്റാർ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണിത്. ചാരിറ്റി പ്രവർത്തനത്തിനായുള്ള മമ്മൂട്ടിയുടെ ആഹ്വാനം വലിയ വിജയത്തിലേക്ക് ആണ് എത്തിച്ചേരുന്നത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ആഹ്വാനം പ്രാവർത്തികമാക്കുവാൻ ആഗ്രഹിക്കുന്നവർ സ്മാർട്ട് ഫോൺ നൽകുവാൻ സ്പീഡ് ആൻഡ് സേഫ് കൊറിയർ ഓഫീസിൽ കവറിലാക്കി ഫോൺ നൽകിയാൽ മാത്രം മതി. തികച്ചും സൗജന്യമായി തന്നെ ഫോൺ ദാനമായി നൽകാൻ ഉദ്ദേശിക്കുന്ന ആൾക്ക് അത് ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത. എന്നാൽ കൊറിയർ ഓഫീസ് കണ്ടെത്താൻ സാധിക്കാത്ത വരെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ സഹായിക്കുന്നതും ആയിരിക്കും. പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനുവേണ്ടി നിങ്ങളുടെ പഴയ മൊബൈൽ ഫോൺ ദാനമായി നൽകുമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചെങ്കിലും ആദ്യഘട്ടത്തിൽ തന്നെ പുതിയ ഫോണുകളാണ് ഏവരും നൽകിയത് എന്നത് ഏറെ സന്തോഷകരമായ ഒരു വസ്തുതയാണ്.

പുതിയ ഫോണുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ആദ്യം രംഗത്തെത്തിയത് തിരുവനന്തപുരം താജ് വിവന്ത ആണ്. അതോടൊപ്പം സ്വയാശ്രയ സ്കൂളുകളും ഈ സഹായ പദ്ധതിയുടെ ഭാഗമായി രംഗത്തെത്തിയതും ഏറെ ശ്രദ്ധേയമായ മറ്റൊരു വിഷയമാണ്. സിനിമാ മേഖലയിലുള്ള നിരവധി പ്രമുഖർ ഇതിനോടകം ഈ കർമ്മ പദ്ധതിയുടെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്. അനാഥരായ കുട്ടികൾക്കായുള്ള അപേക്ഷകൾ ആയിരിക്കും ആദ്യഘട്ടത്തിൽ പരിഗണിക്കുക. കൂടാതെ ട്രൈബൽ മേഖലയിലുള്ള കുട്ടികൾക്കും പ്രത്യേക പരിഗണന സംഘാടകർ ഉറപ്പുവരുത്തുകയും ചെയ്യും. അതേസമയം മമ്മൂട്ടിയുടെ ആഹ്വാനത്തെ അഭിനന്ദിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ:, “മലയാളത്തിന്റെ മഹാനടൻ ശ്രീ മമ്മൂട്ടിയ്ക്ക് നന്ദി പഠനാവശ്യത്തിന് സ്മാർട്ട്‌ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ച വരികൾ സുമനസുകൾക്ക് മാതൃകയാകും. നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാൻ ഈ മാതൃക പിന്തുടരാൻ നിരവധി പേർ രംഗത്ത് വരും എന്ന് ഉറപ്പാണ്. ഈ പദ്ധതിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.”

Leave a Reply