‘മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല’! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ്, ശ്രദ്ധേയമായി പരസ്യ ചിത്രം.!!
1 min read

‘മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല’! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ്, ശ്രദ്ധേയമായി പരസ്യ ചിത്രം.!!

 

ഫെൻസിംഗ് ജഴ്സിയും ഹെൽമറ്റും വാളുമണിഞ്ഞ് മെയ് വഴക്കത്തോടെയുള്ള നീക്കങ്ങളുമായി നടൻ മമ്മൂട്ടിയെത്തിയ പുതിയ പരസ്യ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കെൻസ ടിഎംടി സ്റ്റീൽ ബാറിന്‍റേതായെത്തിയിരിക്കുന്ന പുതിയ പരസ്യത്തിലാണ് ഇതുവരെ കാണാത്ത ലുക്കിൽ മമ്മൂട്ടിയെത്തിയിരിക്കുന്നത്.

”വെല്ലുവിളികളെ നേരിടുമ്പോഴാണ് നാം കരുത്തരാകുന്നത്, ലക്ഷ്യം കൃത്യമായിരിക്കണം, അനുഭവങ്ങള്‍ ആയുധങ്ങളാക്കണം, പിന്നിലേക്കുള്ള നീക്കങ്ങൾ മുന്നിലേക്ക് കുതിക്കാനുള്ള തന്ത്രങ്ങളാക്കണം, ജയിക്കേണ്ടത് ഏറ്റവും ശക്തരോടായിരിക്കണം. അത് നമ്മളാണ്, കാരണം മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല, മികച്ചതിനേക്കാള്‍ മികച്ചത്, കെൻസ ടിഎംടി സ്റ്റീൽ ബാർസ് 33 വർഷത്തെ വിശ്വാസം…” എന്നാണ് പരസ്യ ചിത്രത്തിൽ മമ്മൂട്ടി ഫെൻസിംഗ് വേഷത്തിലെത്തി പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മമ്മൂട്ടി തന്നെ ഈ പരസ്യം പങ്കുവെച്ചതോടെ വലിയ സ്വീകാര്യതയാണ് നിമിഷ നേരം കൊണ്ട് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ 72-ാം ജന്മദിന തലേന്നാണ് ഫെൻസിംഗ് വേഷത്തിലിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം ആദ്യമായി പുറത്തുവന്നത്. ഇതോടെ അത് അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ സ്റ്റില്ലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്‍റേതാണോ എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചകള്‍ പുരോഗമിച്ചിരുന്നു.

 

ഇപ്പോഴിതാ 46 സെക്കൻഡുള്ള ഈ പരസ്യ ചിത്രം പുറത്തിറങ്ങിയതോടെ മമ്മൂട്ടി ആരാധകരും ഏവരും ഏറെ ആവേശത്തിലാണ്. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുമുണ്ട്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ് പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രൊഡ്യൂസർ: രഞ്ജിത്ത് നായർ (ന്യൂസ് പേപ്പർ ബോയ് ഫിലിംസ്), ഛായാഗ്രഹണം: ആനന്ദ് സി ചന്ദ്രൻ, കൺസപ്റ്റ് ആൻഡ് സ്ക്രിപ്റ്റ്: ശരത് പ്രകാശ് എന്നിവരാണ്.

അതേ സമയം വലിയ ഹൈപ്പില്ലാതെ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28 ന് റിലീസിനെത്തിയ ചിത്രം 82. 95 കോടി കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഞ്ചാമത്തെ ആഴ്ചയിലും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനായി ഒരുങ്ങുകയാണ്. ഡിസ്നി ഹോട്സ്റ്റാറാണ് ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. നവംബറിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം. മമ്മൂട്ടിക്കൊപ്പം കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.