ചെറുപ്പം മുതല്‍ മനസ്സിലുള്ള നായകന്, മെസ്സേജുകള്‍ അയച്ച് താന്‍ വെറുപ്പിച്ചിരുന്നു; മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് പുഴുവിന്റെ സംവിധായിക
മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീന പി ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ കാസ്റ്റിംഗിനെക്കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകയായ റത്തീന. താനൊരു കട്ട മമ്മൂക്ക ഫാനാണെന്നും വളെര ചെറുപ്പം മുതല്‍ തന്നെ തന്റെ നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂക്കയെ ആണെന്നുമാണ് റത്തീന പറയുന്നത്.
പ്ലസ് ടു പഠന കാലം മുതല്‍ സിനിമാ മോഹം മനസ്സില്‍ ഉണ്ടായിരുന്നു. അന്നുമുതലേ നായകനായി കണ്ടിരുന്നത് മമ്മൂട്ടിയെ തന്നെയായിരുന്നു. പക്ഷേ പുഴുവിന് മുന്‍പ് അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും റത്തീന പറയുന്നു. നിരവധി പരിശ്രമങ്ങളിലൂടെയാണ് മമ്മൂക്കയുടെ അടുത്തേയ്ക്ക് എത്തുന്നത്. സുഹൃത്ത് വലയങ്ങളും അതിന് ഒരുപാട് സഹായിച്ചു എന്നും സംവിധായിക വ്യക്തമാക്കി. മമ്മൂട്ടിയെ കാണാനായി അദ്ദേഹത്തിന്റെ സെറ്റുകളില്‍ ഒരുപാട് ചെന്നിട്ടുണ്ട്. മമ്മൂട്ടി കാണുന്ന ഇടത്തൊക്കെ വെറുതെ കറങ്ങി നടക്കുകയും അദ്ദേഹത്തിന് മെസ്സേജുകള്‍ അയയ്ക്കുകയും ചെയ്യുമായിരുന്നു എന്നും റത്തീന പറയുന്നു. നിരന്തരമായ പരിശ്രമങ്ങളാണ് പുഴു എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നത്. സോണി ലൈവിലൂടെയാണ് പുഴു റിലീസ് ചെയ്യുന്നത്.
അതേസമയം, ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ചും റത്തീന നിലപാട് വ്യക്തമാക്കി. മലയാള സിനിമാ രംഗത്ത് ഹേമാ കമ്മീഷന് ലക്ഷ്യങ്ങള്‍ നടപ്പിലാക്കണമെന്നും റത്തീന പറയുന്നു. ഒട്ടേറെ സ്ത്രീകള്‍ കാമറയ്ക്ക് മുന്നിലും പിന്നിലുമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ അവര്‍ സുരക്ഷിതരല്ല, അതുകൊണ്ടാണല്ലോ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത്. അവരുടെ റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നതെന്ന് അറിയാനുള്ള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ടെന്നും റത്തീന പറഞ്ഞു.