ദുല്‍ഖറിന്റെ ‘സല്യൂട്ടി’ന് പിന്നാലെ മമ്മൂട്ടിയുടെ ‘പുഴു’വും ഒടിടി റിലീസിന് ; സോണി ലൈവില്‍ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു..
മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയുടേയതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് പുഴു. ചിത്രത്തില്‍ കരുത്തുറ്റ ഒരു കഥാപാത്രമായി പാര്‍വതി തിരുവോത്തും ഉണ്ട്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്.
ചിത്രം ഒടിടി റിലീസ് തന്നെയെന്ന് സംവിധായക റത്തീന അറിയിച്ചു. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. എന്നാല്‍ പുഴുവിന്റെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സില് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ആഷിക്ക് അബുവിന്റെ വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ടീസര്ഡ എന്നിവ പുറത്തുവിട്ടിരുന്നു. ഇതിനെല്ലാം വന്‍ പ്രേക്ഷക ശ്രദ്ധയായിരുന്നു നേടിയത്. അതൊടൊപ്പം മമ്മൂട്ടി ഈ ചിത്രത്തെപറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. പുഴുവിന്റെ കഥയാണ് തന്നെ ആവേശം കൊള്ളിച്ചതെന്നും ഒരു അഭിനേതാവെന്ന നിലയില്‍, എന്നെത്തന്നെ അഴിച്ചുപണിഞ്ഞ്, പുതിയതും കൂടുതല്‍ ആവേശകരവുമായ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുക എന്നത് എല്ലായ്പ്പോഴും എന്റെ ലക്ഷ്യമാണെന്നും അദ്ദേഹം ഒറു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഹൃദയത്തില്‍ തൊടുന്ന കഥ പറയാനാണ് ഞങ്ങള്‍ ഈ ചിത്രത്തിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.
മമ്മൂട്ടി പാര്‍വതി ഇവരെ കൂടാതെ നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.മനു ജഗദ് ആണ് കലാസംവിധാനം. അതേസമയം ദുല്‍ഖറിന്റെ സല്യൂട്ട് എന്ന ചിത്രവും ഒടിടി റിലീസായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബോബി-സഞ്ജയുടെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സല്യൂട്ട്’.ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണക്കമ്പനിയായ വെഫററിനും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുല്‍ഖറുമായി ഇനി സഹകരിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചിരിക്കുന്നത്.