‘ആറാട്ടിൽ വല്ലാതെ വെറുപ്പിച്ചു, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്?’: കേട്ട വിമർശനം തുറന്നുപറഞ്ഞ് സിദ്ദിഖ്
1 min read

‘ആറാട്ടിൽ വല്ലാതെ വെറുപ്പിച്ചു, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്?’: കേട്ട വിമർശനം തുറന്നുപറഞ്ഞ് സിദ്ദിഖ്

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനാണ് സിദ്ദീഖ്. ഏതു വേഷവും തന്റേതായ രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാനും താരത്തിന് കഴിവുണ്ട്. കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകന്‍ തമ്പി കണ്ണന്താനം ഒരു ചാന്‍സ് നല്‍കിയത്. 1985-ലെ ആ നേരം അല്‍പ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് ചെറിയ വേഷങ്ങള്‍ ചെയ്തു.

മലയാള സിനിമയില്‍ സിദ്ദിഖ് പ്രശസ്തനാകുന്നത് 1990കള്‍ മുതലാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ നായകന്‍മാരായി അഭിനയിച്ച് 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയുടെ വന്‍ വിജയം മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സിദ്ദിഖിന് സഹായകരമായി. തുടര്‍ന്ന് തിലകന്‍, മുകേഷ്, ഭീമന്‍ രഘു, ഇന്നസെന്റ് എന്നിവര്‍ അഭിനയിച്ച ഗോഡ്ഫാദറും വന്‍ വിജയമായതോടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി സിദ്ദിഖ് മാറി. 1990-കളില്‍ ധാരാളം ലോ ബജറ്റ് കോമഡി സിനിമകളില്‍ നായകനായും ചില സിനിമകളില്‍ ആക്ഷന്‍ ഹീറോയായും അഭിനയിച്ച സിദ്ദിഖ് 1990-കളുടെ പകുതിയില്‍ കുറച്ച് നാള്‍ സിനിമയില്‍ നിന്ന് ഒഴിവായി നിന്നു. പിന്നീട് 1997-ല്‍ റിലീസായ അസുരവംശം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി.

സുരേഷ് ഗോപി നായകനായി അഭിനയിച്ച ലേലം, ക്രൈം ഫയല്‍ എന്നീ സിനിമകളിലെ സപ്പോര്‍ട്ടിംഗ് റോളുകള്‍ ചെയ്ത് കൊണ്ട് വീണ്ടും മുഖ്യധാര സിനിമകളുടെ ഭാഗമായി മാറിയ സിദ്ദിഖ് 2000-ത്തില്‍ റിലീസായ സത്യമേവ ജയതെ എന്ന സിനിമയിലെ ക്രൂരനായ വില്ലനായി അഭിനയിച്ചു കൊണ്ട് തനിക്ക് ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ചു.വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ള റേഞ്ചുള്ള നടന്‍മാരിലൊരാളാണിദ്ദേഹം.

സിദ്ദിഖിന്റേതായ അവസാനം പുറത്തിറങ്ങിയ ചിത്രം ആറാട്ടായിരുന്നു. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ സിദ്ദീഖ് എത്തിയതെങ്കിലും തമാശ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു ഇത്. മികച്ച അഭിപ്രായങ്ങളാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. എന്നാല്‍ തന്റെ സി.ഐ. കഥാപാത്രത്തിന് ലഭിച്ച വിമര്‍ശനങ്ങളെ പറ്റി പറയുകയാണ് സിദ്ദീഖ്. ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യരുത് എന്ന് ചിലര്‍ പറഞ്ഞുവെന്ന് സിദ്ദീഖ് പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖിന്റെ പ്രതികരണം. ‘ആറാട്ട് കണ്ടിട്ട് നന്നായിരുന്നു എന്ന് പൊതുവേ ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്ന് രണ്ട് കമന്റുകള്‍ ഇങ്ങനെയായിരുന്നു. ‘സിദ്ദീഖ് വല്ലാതെ വെറുപ്പിച്ചു’, ‘നിങ്ങള്‍ ഒരു നല്ല നടനല്ലേ, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്’. നല്ലത് പറഞ്ഞാല്‍ ഞാന്‍ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ മോശം പറഞ്ഞാല്‍ പോയിന്റ് ഔട്ട് ചെയ്ത് വെക്കും.

ചിലരെന്നെ തമാശ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. എന്നാലും അഭിനന്ദനങ്ങളാണ് കൂടുതല്‍ കിട്ടിയിട്ടുള്ളത്. മോഹന്‍ലാലും സിദ്ദീഖും തമ്മിലുള്ള രംഗങ്ങള്‍ രസകരമായിരുന്നു എന്ന് ആളുകള്‍ പറഞ്ഞതാണ് ഇഷ്ടപ്പെട്ട കമന്റ്,’ സിദ്ദീഖ് പറഞ്ഞു. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവും ഇന്ത്യന്‍ സംഗീത മാന്ത്രീകന്‍ എ.ആര്‍. റഹ്മാന്‍ എന്നിവരും ചിത്രത്തില്‍ എത്തിയിരുന്നു. നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.