മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന കാതല്‍ ഏപ്രിലില്‍ റിലീസിന്
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍.’റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത വരുന്നത്. ഏപ്രില്‍ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്തേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള പറയുന്നത്.
ജയറാം നായകനായി എത്തിയ ‘സീതാകല്യാണം’ എന്ന ചിത്രത്തിന് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കാതല്‍. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതല്‍. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതല്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രം കൂടിയാണ് കാതല്‍.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണംനിര്വഹിക്കുന്നത് സാലു കെ. തോമസ് ആണ്. ഒക്ടോബര്‍ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മാത്യൂസ് പുളിക്കന്‍ ആണ്.
അതേസമയം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലുള്ള ചിത്രം ‘ക്രിസ്റ്റഫറാ’ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് ‘ക്രിസ്റ്റഫറി’ന്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ എഴുതിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. പൊലീസ് ഉദ്യോഗസ്ഥന് ആയിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയിരുന്നത്.