”ഒരതിഥി എത്തുന്ന മഹത്തായ ദിവസം, എന്റെ മനയ്ക്കലേക്ക് സ്വാഗതം”; ടീസർ പോലും ശ്വാസം അടക്കിപ്പിടിച്ച് കാണണം, ഇതെന്താണ് മമ്മൂക്കായെന്ന് ആരാധർ
അടുത്ത കാലത്ത് മമ്മൂട്ടിയുടെതായി ഇറങ്ങിയ ചിത്രങ്ങൾ എല്ലാം പ്രേക്ഷക നിരൂപണ പ്രശംസ നേടുകയാണ്. മാത്രമല്ല, ഈ ചിത്രങ്ങൾ ബോക്സ്ഓഫിസിലും വിജയിക്കുക എന്ന് പറഞ്ഞാൽ ചില്ലറക്കാര്യമല്ലല്ലോ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ അത്രയ്ക്കും സൂക്ഷ്മതയാണ് മമ്മൂട്ടിക്ക്. വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അദ്ദേഹത്തിൻറേതായി വെള്ളിത്തിരയിലെത്തിയത്.
തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയി എത്തുക. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന ഭ്രമയുഗം ആണ് അത്. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയതോടെ പ്രേക്ഷകർ അതീവ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. തീർത്തും ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസറിലെ രംഗങ്ങൾ.
ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മമ്മൂട്ടിക്ക് പുറമേ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവർ ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഒരു ദുർമന്ത്രവാദിയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമെന്നും നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു.
ഫ്രാൻസിസ് ഇട്ടിക്കോര എഴുതിയ പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽഎൽപി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. 31 ദിവസത്തെ ചിത്രീകരണമാണ് വേണ്ടിവന്നത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻറെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനർ വൈ നോട്ട് സ്റ്റുഡിയോസിൻറെ കീഴിലുള്ള മറ്റൊരു ബാനർ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രമാണ് ഈ ബാനറിൽ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രയമുഗം.