വിദേശത്തും ബോക്സ് ഓഫീസിൽ റെക്കോർഡിട്ട് മമ്മൂട്ടി ചിത്രം ‘ ഭ്രമയുഗം ‘..!!!
മമ്മൂട്ടി വീണ്ടും വിസ്‍മയിപ്പിക്കുന്ന ഒരു ചിത്രമാണ് ഭ്രമയുഗം. കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പ്രകടനത്തില്‍ ഞെട്ടിക്കുകയാണ് മമ്മൂട്ടി പുതിയ ചിത്രത്തിലും എന്നാണ് ഭ്രമയുഗം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടിയുടെ വേഷപകര്‍ച്ചയുടെ ഭ്രമാത്മകതയാണ് ചിത്രത്തിന്റെ ആകര്‍ഷകതയായി മാറിയിരിക്കുന്നത്. അര്‍ജുൻ അശോകന്റെ പ്രകടനവും ഭ്രമയുഗം സിനിമയില്‍ അഭിനന്ദിക്കപ്പടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടി നിറഞ്ഞാടുന്ന ഭ്രമയുഗത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പ്രവചനങ്ങള്‍ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവയ്‍ക്കുന്നത്. ഇപ്പോഴിതാ ചില വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തെത്തിയിരിക്കുകയാണ്.
യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍റെ വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഈ മാര്‍ക്കറ്റുകളില്‍ നിന്നായി 35,500 പൗണ്ട് ആണ് ചിത്രം ആദ്യദിനം നേടിയതെന്ന് അവിടുത്തെ വിതരണക്കാരായ 4 സീസണ്‍സ് ക്രിയേഷന്‍സ് അറിയിച്ചിരിക്കുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റം വരുത്തിയാല്‍ 37 ലക്ഷമാണ് ഈ സംഖ്യ. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഭ്രമയുഗം നേടിയിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള പല മാര്‍ക്കറ്റുകളിലും ഭ്രമയുഗം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.കര്‍ണാടകമാണ് അതിന് ഒരു ഉദാഹരണം. 42 ലക്ഷമാണ് ചിത്രം കര്‍ണാടകത്തില്‍ നിന്ന് ആദ്യദിനം നേടിയത് എന്നാണ് കണക്കുകള്‍. അതേസമയം കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 3.05 കോടിയാണ്. ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗ് ആണ് ഇത്. മോഹന്‍ലാലിന്‍റെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാം സ്ഥാനത്ത്.
മെയ്‍ക്കിംഗിലെ മികവും ഭ്രമയുഗത്തെ വേറിട്ടതാക്കുന്നു. രാഹുല്‍ സദാശിവന്റെ ആഖ്യാനത്തിലെ കൗശലം ചിത്രത്തിന് നിഗൂഢ സ്വഭാവം പകരുന്നു. വെളുപ്പും കറുപ്പും കലര്‍ത്തി ഭ്രമയുഗം സിനിമ അവതരപ്പിക്കാൻ തീരുമാനിച്ചതും രാഹുല്‍ സദാശിവനിലെ സംവിധായകന്റെ സാമര്‍ഥ്യമാണ്. സംഗീതവും ഭ്രമയുഗത്തിന്റെ നിഗൂഢത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.