മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം അവസാനിച്ച സിനിമ എന്ന് തിയറ്ററുകളിലെത്തും എന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും അണിയറക്കാരില്‍ നിന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ പുതിയ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.
27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുത്തതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു കവലയില്‍ ആളുകള്‍ക്ക് നടുവില്‍ ഇരുന്ന് പാട്ട് പാടുന്ന\സംസാരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.
‘വാര്യര്‍ പറയുമ്പോലെ ഇത് അയാളുടെ കാലം അല്ലേ, മഹാനടന്റെ മഹാവിസ്മയത്തിനായി കാത്തിരിക്കുന്നു, നകുലന് ആയി മറ്റൊരു നടനവിസ്മയം തീര്‍ക്കാന്‍ ഇക്ക വരുന്നു, മമ്മൂട്ടി… നിങ്ങള്‍ ഒരു പ്രതിഭാസം’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്, തമിഴ് നടി രമ്യ പാണ്ഡ്യന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അമര’ത്തിനു ശേഷം അശോകന് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. തേനി ഈശ്വരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ചിത്രത്തിനുവേണ്ടി കെ പി മുരളീധരന് വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചോ ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചോ വിവരങ്ങളൊന്നും ലിജോ പുറത്തുവിട്ടിട്ടില്ല. എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍.