“ഒരു മോശം സിനിമയിൽ നായകനാകുന്നതിനേക്കാളും നല്ല സിനിമയിൽ ചെറിയ റോളിലെത്തുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്”… കാളിദാസ് ജയറാം പറയുന്നു
1 min read

“ഒരു മോശം സിനിമയിൽ നായകനാകുന്നതിനേക്കാളും നല്ല സിനിമയിൽ ചെറിയ റോളിലെത്തുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്”… കാളിദാസ് ജയറാം പറയുന്നു

2000 – ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിലൂടെ ബാലതാരമായി കരിയർ തുടങ്ങിയ യുവനടനാണ് കാളിദാസ് ജയറാം. ‘നച്ചത്തിരം നാഗർ കിരത്’ ആണ് കാളിദാസന്റെതായി ഒടുവിൽ റിലീസ് ആയ ചിത്രം. ഇപ്പോഴിതാ കലാട്ട പ്ലസ് എന്ന ചാനലിന് കൊടുത്ത അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. എപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാൻ ആണ് ആഗ്രഹിക്കുന്നത് എന്നാണ് കാളിദാസ് പറയുന്നത്. “എനിക്ക് നല്ല സിനിമകളുടെ ഭാഗമാകണമായിരുന്നു. ഉദാഹരണത്തിന് വിക്രം. അതൊരു കൊമേർഷ്യൽ മൂവിയാണ്, മെയിൻ സ്ട്രീമാണ്. അതിൽ ഒരുപാട് സൂപ്പർ സ്റ്റാറുകളുണ്ട്. ആ സിനിമയിൽ എനിക്ക് രണ്ട് സീനുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് ആ സിനിമയുടെ ഭാഗമാകണമായിരുന്നു. വലിയ റീച്ചാണ് അതിലെ കഥാപാത്രം ഉണ്ടാക്കിത്തന്നത്. എവിടെപ്പോയാലും ആളുകൾ എന്നെ പ്രപഞ്ചാൻ എന്നാണ് ഇപ്പോൾ വിളിക്കുന്നത്.

ഒരു മോശം സിനിമയിൽ നായകനാകുന്നതിനേക്കാളും നല്ല സിനിമയിൽ ചെറിയ റോളിലെത്തുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്”. കാളിദാസ് ജയറാം പറഞ്ഞു. “ഒരു വർഷം 17 സിനിമകൾ വരെ അച്ഛൻ ചെയ്യുമായിരുന്നു. ആ സിനിമകൾ കൊണ്ടാണ് ഞാൻ വളർന്നത്. എങ്ങനെ അഭിനയിക്കണമെന്ന ഉപദേശമൊന്നും അച്ഛൻ തന്നിട്ടില്ല. പക്ഷേ ഒരു കാര്യം മാത്രം പറഞ്ഞു. പണത്തിന് വേണ്ടി സിനിമകൾ ചെയ്യരുത്. കാരണം പണം കൊണ്ട് നീ അനുഗ്രഹീതനാണ്. നിനക്ക് എന്താണ് ചെയ്യാൻ തോന്നുന്നത് അത് ചെയ്യണം. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഒരു സിനിമ മാത്രമാണ് ചെയ്യുന്നതെങ്കിലും അത് നിനക്ക് ഇഷ്ടമുള്ളത് ആയിരിക്കണം. അത് ഞാൻ എപ്പോഴും മനസ്സിൽ വയ്ക്കുന്ന ഒരു കാര്യമാണ്. താരങ്ങളുടെ മക്കളുടെ കാര്യത്തിൽ സാധാരണയായി സിനിമയിലേക്ക് ലോഞ്ചിംഗ് നടക്കാറുണ്ട്. അപ്പോൾ അവർക്ക് വേണ്ടി പ്രോജക്ടുകൾ ഡിസൈൻ ചെയ്യാനും അവരെ പ്രത്യേക രീതിയിൽ അവതരിപ്പിക്കാനുമൊക്കെ ആളുകളുണ്ടാകും.

പൊതുപരിപാടിക്ക് പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്നടക്കം പലതും അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ രീതിക്ക് തീർച്ചയായും അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാൽ ഭാഗ്യവശാൽ എന്റെ കാര്യത്തിൽ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. എനിക്ക് വേണ്ടി സിനിമകൾ നിർമ്മിക്കുമെന്ന് എന്റെ അച്ഛൻ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ നടന്നിരുന്നെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിൽ നിന്നും അങ്ങനെയൊരു പിന്തുണ വേണമെന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ അതുണ്ടായിട്ടില്ല. ഒരു പിന്തുണയുടെയും പിൻബലമില്ലാതെയാണ് അദ്ദേഹം കടന്നുവന്നത്, അതുകൊണ്ടായിരിക്കും എന്റെ കാര്യത്തിലും ഇങ്ങനെ പ്രവർത്തിക്കുന്നത്”. കാളിദാസ് കൂട്ടിച്ചേർത്തു.