‘ഒറ്റവാക്കില്‍ ഒന്നാന്തരമൊരു പൊളി മനുഷ്യന്’ ; മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ആരാധകന്റെ കുറിപ്പ്
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന മഹാനടനാണ് മമ്മൂട്ടി. സിനിമയില്‍ ഇപ്പോഴും നായക വേഷം ചെയ്യുന്ന മമ്മൂട്ടി ഗ്ലാമറിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തൊണ്ണൂറുകളിലൂടെ നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച മമ്മൂട്ടി 2022 ലും സിനിമയില്‍ സജീവമായി തുടരുകയാണ്. ആരാധകര്‍ ഒക്കെ അദ്ദേഹത്തെ ഇഷ്ടത്തോടെ മമ്മൂക്ക എന്നും ഇക്ക എന്നും വിളിക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍വെച്ച് നടന്ന എഎംഎംഎയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ എത്തിയ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങളും പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാള സിനിമയിലെ താര രാജാക്കന്മാര് എല്ലാം അണിനിരന്ന എഎംഎംഎയുടെ വേദിയില്‍ മമ്മൂട്ടി നിറഞ്ഞു നില്‍ക്കുകയായിരുന്നു. യോഗത്തിന്റെ അവസാനം താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോള്‍ യുവതാരങ്ങള്‍ക്കൊപ്പം നിലത്തിരുന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്ക് മമ്മൂട്ടി പോസ് ചെയ്തതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരാധകനായ നഹാസ് ഖാന്‍സണ്‍ അദ്ദേഹത്തെ കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടിയെ വാനോളം പുകഴ്ത്തിയാണ് ആരാധകന്റെ കുറിപ്പ്.
വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ വൈറലാകുന്ന മനുഷ്യന്. ആറോ എഴോ ബട്ടന്സുള്ള ഷര്‍ട്ടിന്റെ, മൂന്നോ നാലോ ബട്ടന്‍സ് കൊണ്ട് നിസ്സാരമായി ട്രെന്‍ഡ് സൃഷ്ടിക്കണ മനുഷ്യന്. ചേരുന്ന ഡ്രസ്സ് ഇടുക എന്നതില്‍ നിന്ന് ഇടുന്ന ഡ്രസ്സെല്ലാം ചേരുക എന്നതിലേയ്ക്ക് പുഷ്പം പോലെ മാറണ മനുഷ്യന്. എന്നിങ്ങനെ പറഞ്ഞ് ഒരു നീണ്ട കുറിപ്പാണ് ആരാധകന് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം നോക്കാം.
ഒരൊറ്റ മനുഷ്യന്
”വീട്ടീന്നിറങ്ങ്യാല് ‘വൈറലാ’വണ മനുഷ്യന്”
”ആറോ എഴോ ബട്ടന്സുള്ള ഷര്‍ട്ടിന്റെ,
മൂന്നോ നാലോ ബട്ടന്‍സ് കൊണ്ട്
നിസ്സാരമായി ട്രെന്‍ഡ് സൃഷ്ടിക്കണ മനുഷ്യന്”
”ഡ്രസ്സിംഗിംനും ടൈമിംഗിനും
ഒരേയളവില്‍ പ്രാധാന്യം കൊടുക്കണ മനുഷ്യന്”
” ‘ചേരുന്ന ഡ്രസ്സ് ഇടുക’
എന്നതില്‍ നിന്ന്
‘ഇടുന്ന ഡ്രസ്സെല്ലാം ചേരുക’
എന്നത്തിലേയ്ക്ക് പുഷ്പം പോലെ മാറണ മനുഷ്യന്”
”പായും വേഗത്തില്‍
മാറിമറയുന്ന
ഫാഷന്‍ സങ്കല്‍പ്പങ്ങളെ
അതിനെക്കാള്‍ വേഗത്തില്‍
ഓടിത്തോല്പ്പിക്കണ മനുഷ്യന്”
”ലാസ്റ്റ് ധരിച്ച വസ്ത്രമാണ്
തനിക്ക് ഏറ്റോം ഇണങ്ങുന്നതെന്ന് തോന്നിപ്പിച്ച്,
ആ തോന്നല്‍ ചുമ്മാതായിരുന്നുവെന്ന്
തൊട്ടടുത്ത ദിവസം തെളിയിക്കുന്ന
സൈക്കോ മനുഷ്യന്”
”കാഴ്ച്ചയില്‍ പഴഞ്ചനെന്ന് തോന്നിക്കുന്നതിനെ
എടുത്തണിയുകയും,
ആ പഴഞ്ചനെ
കിടിലനാക്കി മാറ്റുകയും ചെയ്യണ മനുഷ്യന്”
”ഇടയ്ക്കൊക്കെ മാത്രം
കേട്ടുകൊണ്ടിരുന്ന
‘ട്രെന്‍ഡ്’ എന്ന വാക്കിനെ,
ഇന്നിപ്പോ
സ്ഥിരം കേള്‍പ്പിച്ചു തരണ മനുഷ്യന്”
”ഫാഷനൊപ്പം താനാണോ
തനിയ്ക്കൊപ്പം ഫാഷനാണോ
എന്ന ചോദ്യം,
ഒരു ചോദ്യചിഹ്നമായി ഇന്നും നിലനിര്‍ത്തുന്ന മനുഷ്യന്”
”ദിനംപ്രതി ചെയ്തുവെക്കുന്ന ഓരോന്നുമോരോന്നും കൊണ്ട്
നാള്‍ക്കുനാള്‍ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കണ
മനുഷ്യന്”
”സര്‍വ്വോപരി,
എന്നെങ്കിലുമൊരിക്കല്‍
നല്ലോണമൊന്ന് നേരില്‍ കാണാന്‍ ആഗ്രഹിക്കണ ‘മമ്മൂക്ക’
എന്ന മനുഷ്യന്”
”ഒറ്റവാക്കില്‍
ഒന്നാന്തരമൊരു പൊളി മനുഷ്യന്”