‘അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വം’; മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നടി സിമ്രാന്‍
1 min read

‘അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വം’; മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നടി സിമ്രാന്‍

തമിഴ് ചലച്ചിത്ര രംഗത്തെ പ്രിയതാരമാണ് സിമ്രാന്‍. മലയാളികള്‍ക്കും പ്രിയ നടിയായി മാറിയിരിക്കുകയാണ് ഈ നടി. ഹിന്ദി ചിത്രമായ സനം ഹര്‍ജായി എന്ന സിനിമയില്‍ അഭിനയിച്ച് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. എന്നാല്‍ ചിത്രം അത്ര വിജയിച്ചിരുന്നില്ല. പിന്നീട് സിമ്രാന്‍ തെന്നിന്ത്യയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് മലയാള സിനിമയിലും അഭിനയിച്ചു. മലയാളത്തില്‍ മമ്മൂട്ടിയുടെ കൂടെയാണ് സിമ്രാന്‍ ആദ്യമായി അഭിനയിച്ചത്. ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലായിരുന്നു അത്. എന്നാല്‍ തമിഴ് ചിത്രങ്ങളിലൂടെയാണ് സിമ്രന്‍ ശ്രദ്ധ നേടിയത്. 1998 മുതല്‍ 2004 വരെ തമിഴില്‍ ഒരു മുന്‍ നിര നടിയായിരുന്ന താരം, അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്നു. പഞ്ചാബി, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും സിമ്രാന്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. പിന്നീട് വിവാഹം കഴിഞ്ഞതോടെ സിനിമാരംഗത്ത് നിന്നും കുറച്ചി കാലം വിട്ടുനിന്നു.

ഇപ്പോഴിതാ, മലയാളത്തിന്റെ മെഗാസ്റ്റാറിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. മമ്മൂട്ടി സാറിനൊപ്പം ഒരുപാട് നല്ല ഓര്‍മകളുണ്ടെന്നും, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നുമാണ് സിമ്രാന്‍ പറഞ്ഞത്. കൂടാതെ, അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് മമ്മൂട്ടിയെന്നും, സൗത്ത് ഇന്ത്യയില്‍ തന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു. ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു ആ നിമിഷമെന്നും താരം കൂട്ടിച്ചേര്‍ത്തു. സിമ്രാന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച മലയാള ചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് തന്നോട് തന്നെ ബഹുമാനം തോന്നാറുണ്ടെന്ന് സിമ്രാന്‍ പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി ഹരിദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം. മമ്മൂട്ടിക്ക് പുറമെ, പ്രകാശ് രാജ്, വിക്രം, സിമ്രാന്‍, പ്രിയാരാമന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡോള്‍ബി ശബ്ദ വിന്യാസത്തില്‍ പുറത്ത് വന്ന മലയാളത്തിലെ ആദ്യചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം. ചിത്രം ഇന്റര്‍നെറ്റിനേയും മോര്‍ഫിങ്ങ് സങ്കേതത്തെയും കുറിച്ച് മലയാളി പ്രേക്ഷകരില്‍ സാമാന്യ അവബോധം പകര്‍ന്ന് നല്‍കാന്‍ സഹായിച്ചു. പ്രേംകുമാര്‍ മാരാത്താണ് ചിത്രം നിര്‍മ്മിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് റോബിന്‍ തിരുമല ആണ്.