ആടുജീവിതത്തെ നേരിട്ടറിയാന്‍ ജോര്‍ദാന്‍ മരുഭൂമിയിലെത്തി എ.ആര്‍ റഹ്മാന്‍; വൈറലായി വീഡിയോ

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഐപ്പ് തോമസ് സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാണാന്‍ ജോര്‍ദാനിലെ ലൊക്കേഷനിലെത്തിയ എ. ആര്‍. റഹ്മാന്റെ വീഡിയോ പുറത്തിറങ്ങി. അല്‍ജീരിയയിലെ ചിത്രീകരണത്തിന് ശേഷമാണ് ടീം ജോര്‍ദാനില്‍ എത്തിയത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ. ആര്‍. റഹ്മാന്‍ മലയാള സിനിമയ്ക്ക് സംഗീതം ചെയ്യുന്നത്. മോഹന്‍ലാല്‍ – സംഗീത് ശിവന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘യോദ്ധ’ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

അതേസമയം, എ.ആര്‍. റഹ്മാനോടൊപ്പമുള്ള ഫോട്ടോകള്‍ സംവിധായകന്‍ ബ്ലെസി ഐപ്പ് തോമസ് നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘മരുഭൂമിയുടെ സംഗീതം തേടി’ എന്ന കുറിപ്പോടെയായിരുന്നു ബ്ലെസി ഐപ്പ് തോമസ് അന്ന് ചിത്രങ്ങള്‍ പങ്കുവെച്ചത്. കൂടാതെ, ‘രണ്ട് ദിവസത്തേക്ക് ഫോണും ഇന്റര്‍നെറ്റും ഇല്ല, കുറെ ഒട്ടകങ്ങളും ആടും മാത്രം കൂട്ടിന്…’ എന്ന കുറിപ്പോടെ റഹ്മാനും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ബെന്യാമിന്റെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമല പോള്‍ ആണ് ചിത്രത്തിലെ നായിക.

കഴിഞ്ഞ ജൂണിലായിരുന്നു സിനിമയുടെ നാല് വര്‍ഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ആഫ്രിക്കന്‍ ചിത്രീകരണം അവസാനിപ്പിച്ചത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു. പിന്നീട് അല്‍ജീരിയയിലും ജോര്‍ദ്ദാനിലുമുള്ള ചിത്രീകരണത്തിന് ശേഷം രണ്ട് ദിവസങ്ങള്‍ കേരളത്തിലെ പത്തനംതിട്ടയില്‍ ഏതാനും രംഗങ്ങള്‍ ചിത്രീകരണം നടത്തിയിരുന്നു. അതേസമയം, ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യന്‍ ചിത്രം അപൂര്‍വമാണ്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനവും കെ.യു. മോഹനന്‍, സുനില്‍ കെ. എസ് എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

സൗണ്ട് ഡിസൈനിംഗ്: റസൂല്‍ പൂക്കുട്ടി
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റോബിന്‍ ജോര്‍ജ്
പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്
മേയ്ക്കപ്പ്: രഞ്ജിത് അമ്പാടി
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രിന്‍സ് റാഫേല്‍
ലൈന്‍ പ്രൊഡ്യൂസര്‍: സുഷില്‍ തോമസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: പ്രഭാകര്‍
ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡോമിനിക്
വാര്‍ത്താ പ്രചരണം: എം.ആര്‍ പ്രൊഫഷണല്‍.

Related Posts