മമ്മൂട്ടി കമ്പനി മുഖം മാറ്റും: ലോഗോ കോപ്പിയടി ആരോപണത്തിന് ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി ബ്രാൻഡ് ലോഗോ പുതുക്കുകയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത കോപ്പിയടി ആരോപണത്തെ തുടർന്നാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പിഴവ് അംഗീകരിക്കുന്നുവെന്നും, പുതുമ കൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജോസ്മോൻ വാഴയിൽ എന്നയാളാണ് മൂവി ക്യാമറയുടെ രൂപത്തിലുള്ള മമ്മൂട്ടി കമ്പനിയുടെ ആദ്യ ലോഗോ ഒരു മൗലിക സൃഷ്ടി അല്ല, മുൻപ്ഉപയോഗിക്കപ്പെട്ടിട്ടുള്ളതും, ഇൻ്റർനെറ്റിൽ ലഭ്യമായതുമായ ഒരു ഡിസൈൻ ആണെന്ന ആരോപണം ഉന്നയിച്ചത്. ഡോ. സംഗീത ചേനംപുല്ലിയുടെ 2021 ൽ പുറത്തിറങ്ങിയ മങ്ങിയും തെളിഞ്ഞും: ചില സിനിമ കാഴ്ചകൾ എന്ന പുസ്തകത്തിൻ്റെ കവറായി ഉപയോഗിച്ചിട്ടുള്ളത് ഈ ചിത്രമാണ് എന്ന് തെളിവ് സഹിതമാണ് ആരോപണം ഉന്നയിക്കപ്പെട്ടത്.
“കാലത്തിനു മുൻപേ നടക്കാനുള്ള ഞങ്ങളുടെ വിശാല തന്ത്രത്തിൻ്റെ ഭാഗമായി ഞങ്ങളുടെ ലോഗോ ഒരു റീബ്രാൻഡിംങിന് ഒരുങ്ങുകയാണ്. ഞങ്ങളുടെ ജഗ്രതക്കുറവു ചൂണ്ടിക്കാട്ടിയവർക്ക് നന്ദി. കൂടുതൽ അപ്ഡേറ്റുകൾക്കായി ഈ പേജ് സന്ദർശിച്ചുകൊണ്ടിരിക്കുക.”എന്ന കുറിപ്പോടുകൂടിയാണ് മമ്മൂട്ടി കമ്പനി ഈ ആരോപണത്തെ നേരിട്ടത്. ഈ അടുത്ത നാളുകളിൽ പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ സ്വീകരിക്കുന്നതിൽ മമ്മൂട്ടി നടത്തുന്ന ബോധപൂർവമായ നീക്കങ്ങൾ വളരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നടനും സംവിധായകനുമായ ജൂഡ് ആൻ്റണിക്ക് നേരെ നടത്തിയ ബോഡി ഷേയ്മിങ് എന്നു പറയാവുന്ന പ്രസ്താവന പിഴവായി അംഗീകരിക്കുകയും മാപ്പുപറയുകയും ചെയ്ത സംഭവം ഏറെ ചർച്ചയായിരുന്നു.
റോഷാക്, നൻപകൽ നേരത്ത് മയക്കം എന്നിവയാണ് റിലീസ് അയ മമ്മൂട്ടി കമ്പനി ചിത്രങ്ങൾ. തമിഴ് നടി ജ്യോതികയും മമ്മൂട്ടിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന കാതൽ ആണ് റിലീസ് കാത്തിരിക്കുന്നത്. കണ്ണൂർ സ്ക്വാഡ് എന്ന് താൽകാലിക പേര് നൽകിയിട്ടുള്ള ചിത്രമാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രോജക്ട്. ലോഗോ ചർച്ചകൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ്റെ നിർമാണ കമ്പനിയായ വേഫാറർ നെ ചുറ്റിയും നടന്നിരുന്നു.
വേഫാറർൻ്റെ ലോഗോയിൽ ഉള്ള അച്ഛനെയും കുഞ്ഞിനെയും കാട്ടി ഇതിൽ വളരെ പ്രധാനപ്പെട്ട ഒരാൾ ഒളിഞ്ഞിരിക്കുന്നു എന്ന് ദുൽഖർ സൽമാൻ പറഞ്ഞപ്പോൾ അത് ആരൊക്കെയാണെന്ന ചോദ്യത്തിന് ഒരു വിഭാഗം ആരാധകർ ” എന്താ സംശയം മമ്മൂക്കയും കുഞ്ഞിക്കയും” തന്നെയെന്ന് പറഞ്ഞു. മറ്റൊരു പോസ്റ്റിൽ ‘മറിയം ഇതിൽ ഉണ്ട് ‘ എന്ന സൂചനയിൽ നിന്നാണ് അത് ദുൽഖറും മകൾ മറിയവും ആണെന്ന് ആരാധകര് മനസ്സിലാക്കുന്നത്.
News summary: Mammootty company to rebrand following plagiarism allegations