ഉദാഹരണം പറയാൻ ലഹരിയെ കൂട്ടുപിടിക്കണമായിരുന്നോ? ; ഇതിനെയൊക്കെ ട്രോളുന്നവരോട് പുച്ഛം മാത്രമെന്ന് മമ്മൂട്ടി അനുകൂലികൾ
1 min read

ഉദാഹരണം പറയാൻ ലഹരിയെ കൂട്ടുപിടിക്കണമായിരുന്നോ? ; ഇതിനെയൊക്കെ ട്രോളുന്നവരോട് പുച്ഛം മാത്രമെന്ന് മമ്മൂട്ടി അനുകൂലികൾ

62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വർണക്കപ്പ് കണ്ണൂരാണ് ഇത്തവണ സ്വന്തമാക്കിയത്. 952 പോയിന്‍റ് നേടിയാണ് കണ്ണൂർ ജേതാക്കളായത്. കൊല്ലം നഗരത്തിലെ 24 വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന കലാമേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് നടൻ മമ്മൂട്ടിയായിരുന്നു. സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മമ്മൂട്ടി നടത്തിയ പ്രസം​ഗവും വൈറലാണ്. അതേസമയം മമ്മൂട്ടിയുടെ പ്രസം​ഗത്തിലെ ചില ഭാ​ഗങ്ങൾ സോഷ്യൽമീ‍ഡിയയിൽ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. വിവേചനങ്ങൾ ഇല്ലാതെ വളരുന്നതിനെ കുറിച്ച് സംസാരിക്കവെ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയിലേക്ക് എത്തിച്ചത്. “ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത് ഒരു സി​ഗരറ്റ് ​ഗേറ്റിന്റെ വാതിൽക്കൽ നിന്ന് വലിച്ചാൽ ക്ലാസിന്റെ വാതിക്കൽ നിന്നാവും അവസാന പുക കിട്ടുക. അതുവരെ ആരൊക്കെ അത് വലിച്ചുവെന്ന് അറിയില്ല. അവിടെ ഒരുപാട് വിവേചനങ്ങൾ വേണമെങ്കിൽ തോന്നാം. അന്നും ഇന്നും അത്തരത്തിലുള്ള വിവേചനം വിദ്യാർഥികളെ ബാധിച്ചിട്ടില്ലെന്നാണ്”, പ്രസം​ഗത്തിനിടെ മമ്മൂട്ടി പറഞ്ഞത്. ഉദാഹരണം പറയാൻ ലഹരിയെ കൂട്ടുപിടിക്കണമായിരുന്നോ? എന്നാണ് മമ്മൂട്ടിയെ വിമർശിച്ച് ചിലർ കുറിച്ചത്.

“വിവേചനം തോന്നിയെക്കാവുന്ന ആളുകൾ കൂടെയുണ്ടായിരുന്നിട്ടും അന്നൊന്നും ഞങ്ങളാരും അത് കാണിച്ചിട്ടില്ല”. മമ്മൂട്ടി ക്ക് പകരം ഇത് മലയാളത്തിലെ മറ്റൊരു സൂപ്പർസ്റ്റാർ ആണ് പറഞ്ഞിരുന്നതെങ്കിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കാരും, പുരോഗമന വാദികളും എല്ലാം ഉറഞ്ഞു തുള്ളിയേനെ. നായർ ആയിപ്പോയി എന്നുള്ള കാരണത്താൽ അയാളുടെ തലമുറകളെ വരെ തെറി പറഞ്ഞേനെ ഈ ഉള്ളവർ. എന്നാൽ മമ്മൂട്ടി ആയപ്പോൾ എന്താ വെളുപ്പീര്. മറ്റേ ആൾ എന്ത് പറഞ്ഞാലും ക്രൂശിക്കാൻ നിൽക്കുന്നവർ ഇവിടെ.. ഏയ്‌ അദ്ദേഹം അങ്ങനെ ഒന്നും വിചാരിച്ചിട്ടുണ്ടാവില്ല, നാക്കുപിഴ എന്നൊക്കെ പറഞ്ഞ് വളരെ സോഫ്റ്റ്‌ approach എടുക്കുന്നത് കാണാം.കരിപ്പെട്ടി പ്രയോഗത്തിലും, കഷണ്ടി പ്രയോഗത്തിലും എല്ലാം നമ്മൾ ഇത് കണ്ടു. ഇപ്പോൾ അദ്ദേഹം കലോത്സവത്തിൽ പറഞ്ഞതിലൂടെ അദ്ദേഹത്തിന്റെ ഉള്ളിലുള്ള ‘ ഞാൻ വലിയ ആളാണ് ‘ എന്ന ഭാവം ആണ് അറിയാതെ ആണെങ്കിലും പുറത്തു വന്നത്. പോഴത്തരം പറഞ്ഞാൽ നിങ്ങളുടെ ഇഷ്ടജനം ആണെങ്കിലും ശത്രു ആണെങ്കിലും ഒരു പോലെ പ്രതികരിക്കണം.” എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പിൽ പറയുന്നത്.

വിമർശനം മാത്രമല്ല, മമ്മൂട്ടിയെ സപ്പോർട്ട് ചെയ്തും പലരും പോസ്റ്റുകളും കമന്റുകളും പങ്കുവെക്കുന്നുണ്ട്. “കുറെ പേരുടെ ട്രോൾ കണ്ടൂ..അതിനു മാത്രം എന്താണ് ഇദ്ദേഹം പറഞ്ഞത്..കോളജിൽ പഠിക്കുന്ന സമയത്ത് ഫ്രണ്ട്സ് കൂടെ സിഗരറ്റ് വലിച്ച കഥ പറഞ്ഞു..ഇതാണോടെ ഇത്ര വലിയ അപരാധം.. മമ്മുക്ക അങ്ങനെ പറഞ്ഞത് കൊണ്ട് ഒരു കൂട്ടം പിള്ളേർ കടയിലേക്ക് ഓടി സിഗരറ്റ് വാങ്ങി വലിച്ചു എന്നാണ് പാരലൽ ലോകത്തെ പുതിയ ന്യൂസ്..ഇങ്ങനെ പോയാൽ സ്വന്തം അനുഭവങ്ങൾ പോലും പറയാൻ നാട്ടുകാരെ പേടിക്കണല്ലോ..ഇതിനെയൊക്കെ ട്രോളുന്നവരോട് പുച്ഛം മാത്രം..” എന്നയിരുന്നു ഒരു കുറിപ്പ്. ” മമ്മൂക്ക പറഞ്ഞതിലെ കണ്ടന്റ് എന്താണ് എന്ന് എല്ലാവർക്കും മനസിലായി…. ചില പ്രത്യേക വിഭാഗം ആളുകളുടെ ചൊറിച്ചിൽ അവഗണിച്ചു വിടുക” എന്നിങ്ങനെ നിരവധി പേരാണ് സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.