മമ്മൂട്ടിയും പൃഥ്വിരാജും നേർക്കുനേർ!!; സിബിഐ 5ഉം ജനഗണമനയും ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്നു
1 min read

മമ്മൂട്ടിയും പൃഥ്വിരാജും നേർക്കുനേർ!!; സിബിഐ 5ഉം ജനഗണമനയും ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്നു

സിനിമയെ നെഞ്ചോട് ചേർക്കുന്ന മലയാളി പ്രേക്ഷകർ എക്കാലത്തും ഒരുപോലെ സ്നേഹിക്കുന്ന നായകന്മാരാണ് മമ്മൂട്ടിയും , പൃഥ്വിരാജും. മലയാള സിനിമയിലെ മെഗാസ്റ്റാർ പരിവേഷം മമ്മൂട്ടി എന്ന നായകനിൽ അർപ്പിക്കുമ്പോൾ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജ് സിനിമയിലെ സ്റ്റയിലിഷ് താരമായിട്ടാണ് അറിയപ്പെടുന്നത്. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ മികവുറ്റവയാക്കി മാറ്റുന്നതിൽ ഇരു നായകന്മാരും വേണ്ട ശ്രദ്ധ ചെലുത്താറുണ്ട്. പോക്കിരാജ പോലുള്ള ചിത്രങ്ങളിൽ ഞാനോ മികച്ചത് ? നീയോ മികച്ചത് എന്ന തരത്തിൽ അസാധ്യ പ്രകടനം കാഴ്‌ച വെച്ച നായകന്മാരാണ് ഇരുവരും. താര രാജാക്കന്മാരുടെ അഭിനയ വിശേഷങ്ങൾ നിരവധിയുണ്ടെങ്കിലും ഇപ്പോൾ സിനിമ പ്രേമികൾ ഉറ്റു നോക്കുന്നത് മറ്റൊരു കാര്യത്തിലേയ്ക്കാണ്.

സിനിമ ആസ്വാദകർ ഏറെ ആവേശത്തോടെ കാത്തു നിൽക്കുന്ന ചിത്രമാണ് ‘സിബിഐ 5’ . മമ്മൂട്ടിയെ നായകനാക്കി എസ് എന്‍ സ്വാമി- കെ മധു കൂട്ടുകെട്ടിലാണ് ചിത്രം നിർമ്മിക്കുന്നത്. 1988ലായിരുന്നു മ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി കെ . മധു- എസ് എൻ സ്വാമി സൗഹൃദത്തിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങൾ സിനിമ ആസ്വാദകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സിബിഐ 5 – ൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ആശ ശരത്താണ്. സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങയപ്പോൾ തന്നെ പ്രേക്ഷകരിൽ നിന്ന് സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം നേടിക്കൊടുക്കാൻ ‘സിബിഐ 5’ – ന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും.

സിനിമയെ ക്കുറിച്ചുള്ള സർപ്രൈസ്‌ നിലനിർത്തുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാവണം ചിത്രത്തെക്കുറിച്ചുള്ള ഭാഗിക വിവരങ്ങൾ മാത്രമേ ഇതുവരെ പുറത്ത് വിട്ടിട്ടുള്ളു. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരേ നായകനും ഒരേ തിരക്കഥാകൃത്തും, ഒരേ സംവിധായകനും എന്ന അത്യപൂർവ്വ നേട്ടം ‘സിബിഐ 5’ ന് മാത്രം ലഭിക്കുന്നു എന്നൊരു സവിശേഷത കൂടെ ചിത്രത്തിനുണ്ട്. ചിത്രം റിലീസാവാനിരിക്കെ ഏറെ പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ. ഒരു സിബിഐ ഡയറികുപ്പ് , ജാഗ്രത, സേതുരാമയ്യര്‍ സിബിഐ , നേരറിയാൻ സിബിഐ, എന്നീ ചിത്രങ്ങളിലേത് പോലെ മികച്ച പ്രകടനമാവും മമ്മൂട്ടി കാഴ്ചവെക്കുക എന്നതാണ് ആരാധക അഭിപ്രായം.

അതെസമയം മമ്മൂട്ടിയുടെ ചിത്രം സിബിഐ – 5 റീലീസാവുന്ന അതെ ദിവസം തന്നെയാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ജനഗണമനയും തിയേറ്ററിൽ എത്തുന്നത്. ഏപ്രിൽ -28 നാണ് ഇരു ചിത്രങ്ങളും റിലീസ് ആവുന്നെതെന്നാണ് സൂചന ലഭിക്കുന്നത്. പൃഥ്വിരാജ് – നെ നായകനാക്കി ഡിജോയാണ് ചിത്രം സംവിധാനം ചെയ്‌തത്. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ – പൃഥ്വിരാജ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രം കൂടിയാണ് ജനഗണമന. ചിത്രത്തിൻ്റെ നിർമ്മാണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിൻ്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്നിവര്‍ ചേർന്നാണ്. സോഷ്യൽ മീഡിയയിലൂടെ ചിത്രം റിലീസാകുന്ന വിവരം പൃഥ്വി മുന്നേ വെളിപ്പെടുത്തിയിരുന്നു. ആരാധകർ വലിയ പ്രതീക്ഷയോടെയായിരുന്നു ഈ സന്തോഷവാർത്ത ഏറ്റെടുത്തത്. ഇപ്പോൾ ജനഗണമനയും , സിബിഐ- 5 വും നേർക്കുനേർ തിയേറ്ററിൽ അങ്കം കുറിക്കാൻ പോവുകയാണ്.

ജനഗണമനയുടെ ടീസർ പുറത്തിറങ്ങി ആദ്യ ദിനം തന്നെ മികച്ച പിന്തുണ സിനിമയ്‌ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. അതെ സമയം സേതുരാമ അയ്യർ എന്ന മലയാളികളുടെ ഉള്ളിൽ പതിഞ്ഞ കഥാപാത്രത്തെ പ്രേക്ഷർ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ. സിനിമാ ലോകത്തെ ചൂടേറിയ വാർത്തകൾക്കിടയിൽ പൃഥ്വി ചിത്രം ജനഗണമനയ്ക്കും, മമ്മൂട്ടി ചിത്രം സിബിഐ അഞ്ചാം ഭാഗത്തിനും വമ്പൻ വിജയം നേടിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടെയും ആരാധകർ.