‘ലാലിന്റെ സിനിമകള്‍ ഏറ്റവും കൂടുതല്‍ കണ്ടത് ഞാനാവും’; മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി
മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. എണ്‍പത് കാലഘട്ടം മുതല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനില്‍പ്പ്. ഇരുവര്‍ക്കും പിന്നിലായി പലരും വന്നുപോയെങ്കില്‍ തന്നെയും ഇരുവരുടെയും സ്ഥാനം അചഞ്ചലമായി തുടരുകയാണ്. മമ്മൂട്ടി-മോഹന്‍ലാല്‍ സൗഹൃദം വ്യത്യസ്തമാകുന്നത് അവര്‍ ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം 55 ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകള്‍. ഇരുവരും ഒന്നിച്ചെത്തുന്ന വേദികളും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മലയാളിക്ക് ഇരട്ടിമധുരമാണ് സമ്മാനിച്ചിട്ടുള്ളത്.
പടയോട്ടം സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് മമ്മൂട്ടി മോഹന്‍ലാലിനെ കാണുന്നത്. ആ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ കമ്മാരന്റെ മകനായിട്ടാണ് ലാല്‍ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറന്നിരിക്കുന്ന മമ്മൂട്ടിയുടെ പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ മോഹന്‍ലാലുമായി ആദ്യം അഭിനയിക്കുന്നത് ലാലിന്റെ അച്ഛനായിട്ടാണെന്നും മോഹന്‍ലാലിന്റെ അഭിനയത്തെപ്പറ്റി ഒരിക്കല്‍ പറഞ്ഞത് തിക്കുറിശ്ശിക്ക് അടൂര്‍ ഭാസിയില്‍ ഉണ്ടായ മകന് എന്നാണെന്നും മമ്മൂട്ടി പറയുന്നു.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ തിയേറ്ററില്‍ കണ്ടതിന് ശേഷമാണ് പടയോട്ടം എന്ന സിനിമയുടെ സെറ്റില്‍വെച്ച് മോഹന്‍ലാലിനെ കാണുന്നത്. അന്ന് ആ സിനിമ ഒഴിച്ച് വേറെ സിനിമകളൊന്നും എനിക്ക് ഉണ്ടായില്ല. വേണ്ടാത്ത അനാവശ്യമായ ദുസ്വാഭവങ്ങള് അങ്ങനെയുള്ള ഒരു രീതിയൊക്കെ എനിക്കുണ്ട്. അന്ന് അവിടെ എത്തീട്ട് ഞാന്‍ ചോദിച്ചു കഥ എന്താണ്, അതില്‍ ഏത് റോള്‍ ആണ് ഞാന്‍ അഭിനയിക്കേണ്ടത് എന്നെല്ലാം. ഇവര്‍ക്ക് അന്ന് അങ്ങനെ ഒറു കഥാപാത്രം ഉണ്ടായിരുന്നില്ല. പിന്നീട് അത് ഉണ്ടാക്കിയെടുത്തതാണ്. ഞാന്‍ അന്ന് താടിയെല്ലാം വളര്‍ത്തി ജുബ്ബയൊക്കെ ഇട്ട് തുണി സഞ്ചിയുമായി ഒരു ബുദ്ധിജീവിയായിട്ടായിരുന്നു അവിടേക്ക് പോയത്.’ മമ്മൂട്ടി പറയുന്നു.
അവിടെ അപ്പച്ചന് സാര്‍ ഉണ്ട്, ജിജോ, പ്രിയദര്ശന്, സിബി, ശങ്കര്‍, മോഹന്‍ലാല്‍ എന്നിവരൊക്കെ ഉണ്ട്. അന്ന നമ്മുടെ വിവരക്കേടോ അധിക പ്രസംഗമോ ആവാം, അവരെല്ലാം ഇരിക്കുന്ന കട്ടിലില്‍ ഞാന്‍ അങ്ങ് കേറികിടന്നു. കിടന്നിട്ട് ഞാന്‍ പറഞ്ഞു കഥ പറയാന്‍. ലോകത്ത് ഒരാളെ കിട്ടാഞ്ഞിട്ട് ഞാന്‍ എന്തോ മെര്ലിന് ബ്രാന്‍ഡോ ആണെന്ന രീതിയിലാണ് അവിടെ പോയത്. ലാലെല്ലാം വളരെ ഡീസന്റായിട്ട് ആണ് ഇരിക്കുന്നത്. എന്റെ ഇതെല്ലാം കണ്ട് അപ്പച്ചന് സാര്‍ കഥ അവിടെ വന്ന് പറയാമെന്ന് പറഞ്ഞു. അങ്ങനെയാണ് മോഹന്‍ലാലിനെ പരിജയപ്പെടുന്നത്. പിന്നെ സുഹൃത്തുക്കളായി. ലാല്‍ ആദ്യമെല്ലാം വില്ലന്‍ വേഷങ്ങളായിരുന്നു ചെയ്തത്.
പടയോട്ടം കഴിഞ്ഞ് അഹിംസ എന്ന ഐ.വി ശശി സിനിമയിലേക്ക് ഞാന്‍ ലാലിന്റെ പേര് പറഞ്ഞു. ആ സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നീട് ഒന്നിച്ച് നിരവധി സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. പിന്നെ ഒരു കമ്പനിയായി പിന്നീടത് രണ്ട് കമ്പനിയാക്കി. ഞാന്‍ മുന്നേ പറഞ്ഞ ഒരു കാര്യമുണ്ട് അടൂര്‍ ഭാസിയിയ്ക്ക് തിക്കുറുശ്ശിയിലുണ്ടായ മകനാണ് ലാല്‍ എന്ന്. എന്നാല്‍ ഇപ്പോള്‍ ആ രീതികളൊക്കെ മാറി. ലാല്‍ നടനെന്ന നിലയില്‍ ഒരുപാട് വളര്‍ന്ന് ഇപ്പോഴത്തെ ലാല്‍ ആയി. ഞാന്‍ ലാലിന്റെ മിക്ക സിനിമകളും കാണാറുണ്ട്. ഒരുപക്ഷേ എന്റെ സിനിമകള്‍ ലാല്‍ കണ്ടതിലും കൂടുതല്‍ ഞാന്‍ ലാലിന്റെ സിനിമകള്‍ കാണാറുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.