മാളികപ്പുറം വന്‍ ഹിറ്റിലേക്ക്; കളക്ഷനില്‍ നാലാം സ്ഥാനത്ത് എത്തി മാളികപ്പുറം
ഉണ്ണിമുകുന്ദന് നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്.
ചിത്രത്തിന്റെ രണ്ടാമത്തെ ഞായറാഴ്ച വന്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. പുറത്തുനിന്നും വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സണ്‍ഡേ ബോക്സ് ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് മാളികപ്പുറം. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത് ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ്.
രണ്ടാം സ്ഥാനത്ത് മറാഠി ചിത്രം വേദ്, മൂന്നാം സ്ഥാനത്ത് തെലുങ്ക് ചിത്രം ധമാക്ക എന്നിങ്ങനെ. നാലാം സ്ഥാനത്ത് മലയാള ചിത്രം മാളികപ്പുറവും അഞ്ചാം സ്ഥാനത്ത് നവംബര്‍ 18 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 2 ഉം ആണ്. സിനിട്രാക്കിന് ടാക്ക് ചെയ്യാന്‍ സാധിച്ച തിയറ്ററുകളിലെ മാത്രം ബോക്സ് ഓഫീസ് കണക്കുകള്‍ ഇനി പറയുംവിധമാണ്. അവതാര്‍ 2- 8.85 കോടി, വേദ്- 4.94 കോടി, ധമാക്ക- 1.68 കോടി, മാളികപ്പുറം- 1.19 കോടി, ദൃശ്യം 2- 84.24 കോടി. ചിത്രങ്ങള്‍ ഓടുന്ന എല്ലാ തിയറ്ററുകളും ട്രാക്ക് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലും മുകളിലായിരിക്കും.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്ടെയ്നര് ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.