“അടുത്ത സിനിമയിലും നായകൻ മോഹൻലാൽ”: ഷാജി കൈലാസ്
1 min read

“അടുത്ത സിനിമയിലും നായകൻ മോഹൻലാൽ”: ഷാജി കൈലാസ്

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ സംവിധാനം ചെയ്ത സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമാ മേഖലയിൽ അദ്ദേഹം വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്. 2022ൽ അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ആയിരുന്നു പുറത്തിറങ്ങിയത്. ഇപ്പോൾ മോഹൻലാൽ ചിത്രം ആയ എലോൺ റിലീസിന് ഒരുങ്ങുകയാണ്. ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹണ്ട് എന്ന സിനിമ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരു പുതിയ ചിത്രം ഒരുക്കുകയാണ്.

ഇനി വരാനിരിക്കുന്ന സിനിമയിൽ മോഹൻലാൽ തന്നെയായിരിക്കും നായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയുടെ അവസാനഘട്ടത്തിലാണ് ഷാജി കൈലാസ് ഇപ്പോൾ. സിനിമ ഏത് ജോണറിൽ ഉള്ളതാണെന്നും ഇപ്പോൾ പുറത്തു വിട്ടിട്ടില്ല. എന്തായാലും ഷാജി കൈലാസ് സ്റ്റൈൽ കാണാൻ കഴിയുന്ന ഒരു സിനിമ തന്നെയായിരിക്കും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മലയാളികളുടെ സിനിമ ആസ്വാദന രീതിയിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട് എന്നും ആ രീതിയിലേക്ക് മാറാൻ താനും ശ്രമിക്കുകയാണ് എന്നുമാണ് ഷാജി കൈലാസ് പറയുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകനായി ഷാജി കൈലാസ് എത്തിയപ്പോൾ പൃഥ്വിരാജ് തന്നെയായിരുന്നു ആദ്യ രണ്ടു ചിത്രങ്ങളിലെയും നായകൻ അതു കൊണ്ടു തന്നെ ഒരു വർഷത്തിനുശേഷം മാത്രമാണ് പൃഥ്വിരാജുമൊത്ത് ഇനിയൊരു സിനിമയെപ്പറ്റി താൻ ചിന്തിക്കുകയുള്ളൂ എന്ന് ഷാജി കൈലാസ് പറഞ്ഞു. അതെ സമയം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം എന്നത് ആഗ്രഹത്തിൽ ഉണ്ട് എന്നും ഇപ്പോൾ മമ്മൂട്ടിക്ക് പ്രത്യേക പാറ്റേണിൽ ഉള്ള വ്യത്യസ്തമായ ചിത്രങ്ങൾ ആണ് വേണ്ടത് എന്നും ഷാജി കൈലാസ് പറഞ്ഞു.

ഷാജി കൈലാസിന്റെതായി ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രമായിരുന്നു കാപ്പ. ജി ആർ ഇന്ദുഗോപന്റെ ശങ്കുമുഖി എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കാപ്പ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഇന്ദുഗോപൻ തന്നെയായിരുന്നു. മലയാളികൾക്ക് ത്രില്ലർ സിനിമകൾ സമ്മാനിച്ച ഷാജി കൈലാസ് സിനിമ മേഖലയിൽ നിന്നും ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആരാധകർ ഇരുകൈ സ്വീകരിക്കുകയായിരുന്നു. മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുക്കിയ സിനിമ തിയേറ്ററിൽ എത്താൻ ഒരുങ്ങുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.