സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിർഭാഗ്യവാനായ ഒരാളായിരുന്നു മേള രഘു
1 min read

സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിർഭാഗ്യവാനായ ഒരാളായിരുന്നു മേള രഘു

‘മേള’ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച പിന്നീട് ‘മേള രഘു’ എന്ന് അറിയപ്പെട്ട ചേർത്തല പുത്തൻവെളി ശ്രീധരൻ ഇഹലോകവാസം വെടിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മേള എന്ന കെ ജി ജോർജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ സിനിമയിൽ എത്തിയ രഘു പിന്നീട് മുഖ്യധാരയിൽ വേണ്ട പരിഗണന ലഭിക്കാതെ പോയ നടനാണ്. ഒടുവിലായി സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ ‘ദൃശ്യം 2’ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. കഴിവുണ്ടായിട്ടും മുഖ്യധാരയിൽ കൂടുതൽ ശ്രദ്ധ നേടാതെ പോയ രഘുവിനെക്കുറിച്ച് സനൂജ് സുശീലൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വലിയ വാർത്താപ്രാധാന്യം നേടുകയാണ്. ഇതിനോടകം വൈറലായ കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ; “ഭിന്നശേഷിക്കാരായ മനുഷ്യരെ കോമാളിത്തരം കാണിക്കാൻ വേണ്ടി മാത്രമാണ് പണ്ടത്തെ സിനിമകളിൽ ഉപയോഗിച്ചിരുന്നത്. കഥയുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ ഏച്ചു കെട്ടിയ തരം താണ തമാശ രംഗങ്ങളിൽ പ്രധാന താരത്തിന് തല്ലാനും കളിയാക്കാനുമൊക്കെയായി ചേർക്കുന്ന കഥാപാത്രങ്ങളായി അവരിൽ പലരും വന്നു പോയി. ഒരുപക്ഷെ അതിനാദ്യമായി ഒരു മാറ്റമുണ്ടാക്കിയത് ശ്രീ. കെ ജി ജോർജ് ആയിരിക്കും. തമ്പിലെ ജീവിതങ്ങളുടെ കഥ പറയുന്ന “മേള” എന്ന ചിത്രത്തിൽ അദ്ദേഹം സൃഷ്ടിച്ച ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രത്തെ അനശ്വരനാക്കിയത് രഘു എന്ന കലാകാരനായിരുന്നു.

കളിയാക്കലുകൾ മാത്രം കേട്ട് വളർന്ന, സർക്കസ്സിൽ ബഫൂൺ ആണെങ്കിലും ജീവിതത്തിൽ ഒരു സാധാരണ മനുഷ്യനെ പോലെ സന്തോഷിക്കുകയും സങ്കടപ്പെടുകയും സ്നേഹിക്കുകയും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന സങ്കീർണമായ ഒരു കഥാപാത്രത്തെയാണ് രഘു അത്യുജ്വലമായി അഭിനയിച്ചു ഫലിപ്പിച്ചത്. മമ്മൂട്ടിയുൾപ്പെടെ മറ്റനവധി അഭിനേതാക്കൾ അണിനിരന്ന ആ ചിത്രത്തിൽ അവരെയെല്ലാം കവച്ചു വയ്ക്കുന്ന രീതിയിൽ മനോഹരമായി ഗോവിന്ദൻ കുട്ടിയെ രഘു അവതരിപ്പിച്ചു. സിനിമയുടെ ക്ലൈമാക്സിൽ കടലിൽ ചാടി ആത്മ.ഹത്യ ചെയ്യുന്ന ഗോവിന്ദൻ കുട്ടിയെ കണ്ണീരോടു കൂടി മാത്രമേ കണ്ടിരിക്കാനാവൂ.

സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിർഭാഗ്യവാനായ ഒരാളായിരുന്നു രഘു. കോളജിൽ പഠിക്കുമ്പോൾ സാക്ഷാൽ ശ്രീനിവാസനാണ് രഘുവിനെ മേളയിലേക്ക് ക്ഷണിക്കുന്നത്. സിനിമ ശ്രദ്ധിക്കപെടുകയും ചെയ്തു. എന്നാൽ വെട്ടൂർ പുരുഷനെ പോലെ സിനിമയിൽ നിന്ന് കിട്ടിയ പ്രശസ്തി ഉപയോഗിച്ച് കുറച്ചു കൂടി സുരക്ഷിതത്വമുള്ള മറ്റൊരു ജോലി കണ്ടുപിടിക്കാനൊന്നും അദ്ദേഹം ശ്രമിച്ചില്ല എന്ന് തോന്നുന്നു. ഈയിടെ ഇറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിൽ ചെറിയൊരു വേഷം ചെയ്തതുൾപ്പെടെ പത്തു മുപ്പത് സിനിമകളിലാണ് ഇത്രയും വർഷത്തിൽ അദ്ദേഹം അഭിനയിച്ചത്. അതിലൊന്നും ഓർമിക്കപ്പെടുന്ന വേഷങ്ങളൊന്നുമുണ്ടായില്ല താനും. സിനിമ അദ്ദേഹത്തെ ചതിച്ചു എന്ന് വേണം പറയാൻ. കഴിഞ്ഞ മാസം ഒരു ദിവസം പൊടുന്നനെ വീട്ടിൽ തളർന്നു വീണ രഘു ദിവസങ്ങളോളം അബോധാവസ്ഥയിൽ കിട്ടുന്നതിന് ശേഷം ഇന്നലെ രാത്രി മര.ണത്തിനു കീഴടങ്ങി. അറുപതു വയസ്സായിരുന്നു അദ്ദേഹത്തിന്.നായക വേഷം ചെയ്ത ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമാ ചരിത്രത്തിൽ ഇടം പിടിച്ച കലാകാരന് ആദരാജ്ഞലികൾ.”

Leave a Reply