ശശികുമാറിന്റെ വില്ലനാകാൻ അപ്പാനി ശരത് !! തമിഴ് സിനിമാലോകത്ത് ചുവടുറപ്പിച്ച് താരം
1 min read

ശശികുമാറിന്റെ വില്ലനാകാൻ അപ്പാനി ശരത് !! തമിഴ് സിനിമാലോകത്ത് ചുവടുറപ്പിച്ച് താരം

കരുത്തുറ്റ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരം മലയാളത്തിനു പുറമേ തമിഴ് സിനിമ ലോകത്താണ് സജീവമായി നിൽക്കുന്നത്.വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചു കൊണ്ടാണ് അപ്പാനി ശരത് തമിഴ് സിനിമാലോകത്ത് രംഗപ്രവേശനം ചെയ്തത്. തുടർന്ന് ‘ഓട്ടോ ശങ്കർ’ എന്ന പേരിലുള്ള തമിഴ് സീരീസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അപ്പാനി ശരത് തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. വീണ്ടുമിതാ പുതിയ തമിഴ് ചിത്രത്തിൽ കരുത്തുറ്റ വില്ലൻ കഥാപാത്രമായി വീണ്ടും അപ്പാനി ശരത് എത്തുകയാണ്. സംവിധായകൻ, അഭിനേതാവ്, നിർമാതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച സൂപ്പർ താരം എം.ശശികുമാർ നായകനാവുന്ന പുതിയ ചിത്രത്തിലാണ് അപ്പാനി ശരത് വില്ലനായി എത്തുന്നത്. നിലവിൽ ഈ ചിത്രത്തിന് ഇതുവരെയും പേര് നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മികച്ച ഒരു ടൈറ്റിൽ ലോഞ്ചിങ് തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാവുന്നതാണ്. അഭിനേതാവ് എന്ന നിലയിൽ പല തരത്തിലുള്ള കഥാപാത്രങ്ങളെ ശശികുമാർ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിൽവളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആയിരിക്കും താരം അവതരിപ്പിക്കുക.

ശശികുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമായി മാറാൻ ഈ ചിത്രം കാരണമാകുമെന്ന് തന്നെ അണിയറപ്രവർത്തകർ കരുതുന്നു.കഴുഗ്, സിവപ്പ്, കഴുഗ് 2 തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് ശ്രദ്ധേയനായ സത്യശിവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി ത്രില്ലർ മൂവി ഗണത്തിൽപ്പെടുത്താവുന്ന ഈ ചിത്രം അപ്പാനി ശരത്തിന്റെ കരിയറിൽ മികച്ച ഒരു മുതൽക്കൂട്ടാകും എന്നു തന്നെ പ്രതീക്ഷിക്കുന്നു. തമിഴിലെ മുൻനിര നായകന്റെ പ്രതിനായകനായി അപ്പാനി ശരത് എത്തുമ്പോൾ മലയാളി പ്രേക്ഷകരും ഈ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സെന്തൂർ ഫിലിംസിന്റെ ബാനറിൽ ടി.ഡി രാജയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സാം സി. എസ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ശ്രീകാന്ത് പി ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

Leave a Reply