കൺകെട്ടില്ലാത്ത കളർഫുൾ ലോകവും മലൈക്കോട്ടൈ വാലിബനും; പത്താം വട്ടവും ഹിറ്റടിച്ച് എൽജെപി
ലിജോ ജോസ് പെല്ലിശ്ശേരി എന്ന അതുല്യ സംവിധായകന്റെ പത്താമത്തെ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മമ്മൂട്ടിക്ക് ശേഷം ലിജോ- മോഹൻലാൽ കൂട്ടുകെട്ട് യാഥാർത്ഥ്യമായെന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. എല്ലാ സിനിമകളിലും എന്തെങ്കിലുമൊന്ന് പുതിയതായി കൊണ്ട് വരുന്ന സംവിധായകൻ ഒരുപാട് പുതുമകളോടെ ഒരു പഴയ കഥ പ്രേക്ഷകന് രസിക്കും വിധം ബിഗ്സ്ക്രീനിലെത്തിച്ച പോലെയാണ് വാലിബൻ കണ്ടപ്പോൾ തോന്നിയത്.
ഗംഭീര മേക്കിങ്ങ് ആണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പലയിടങ്ങളിലും ആ ടിനു പാപ്പച്ചൻ ടച്ച് നമുക്ക് കാണാൻ കഴിയും. മധു നീലകണ്ഠൻ ആണ് ക്യാമറ ചലിപ്പിച്ചതെന്നറിയാൻ ആ വൈഡ് ഫ്രെയിമുകൾ മാത്രം കണ്ടാൽ മതി. മരുഭൂമിയുടെ നിശ്ചലതയും നീലയാകാശവും ദൂരെ നിന്നുള്ള പോലെയുള്ള ഓടക്കുഴൽവിളിയുമെല്ലാം നമ്മളെ വേറെയേതോ ദേശത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഇതിന്റെയെല്ലാമൊപ്പം പ്രശാന്ത് പിള്ളയുടെ മ്യൂസിക്കും കൂടിയാകുമ്പോൾ ഒരു രക്ഷയുമില്ലാത്ത കോമ്പോയായി മാറുന്നുണ്ട് മലൈക്കോട്ടൈ വാലിബൻ എന്ന ഈ സിനിമ.
മോഹൻലാൽ കുറച്ച് വർഷങ്ങളായി ചെയ്ത് പോരുന്ന കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തനാണ് മലൈക്കോട്ടൈ വാലിബൻ എന്ന ഈ ലിജോ ജോസ് പെല്ലിശ്ശേരി കഥാപാത്രം. ആംഗ്യത്തിലും സംഭാഷണത്തിലും, എന്തിന് നോക്കിൽ പോലും ആ വ്യത്യാസം കാണാം. സംവിധായകൻ ആവശ്യപ്പെടുന്നതിനനുസരിച്ച് പരിമിതികളില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ മോഹൻലാലിനെ നടന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്കിടയിൽ പൊതുവെയുള്ള സംസാരം പോലെ നേരും വാലിബനും മോഹൻലാൽ എന്ന നടൻ മറ്റൊരർത്ഥത്തിൽ തിരിച്ച് വന്ന പടങ്ങൾ ആയിരിക്കാം.
വളരെ സ്വതന്ത്രമായൊരു ഫീലാണ് ഈ സിനിമ പ്രേക്ഷകന് നൽകുന്നത്. പ്രത്യേകിച്ചൊരു ജോണറിലും ഉൾപ്പെടുത്താനാവാത്ത തരത്തിൽ സങ്കീർണ്ണമായൊരു കഥയിലൂടെ നമുക്ക് എങ്ങനെ വേണമെങ്കിലും വിഹരിക്കാനുളള സ്വാതന്ത്ര്യമുണ്ടല്ലോ. പണ്ട് വായിച്ച് തീർത്ത അമർച്ചിത്ര കഥയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കഥപറച്ചിലും പശ്ചാത്തലവുമാണ് ലിജോ പിന്തുടരുന്നത്, സംഭാഷണങ്ങളിൽ അൽപം വ്യത്യസ്തത പുലർത്താനും എഴുത്തുകാരനായ പിഎസ് റഫീഖും എൽജെപിയും ശ്രമിച്ചിട്ടുണ്ട്. സിനിമ കുറച്ച് സ്ലോ ആണ്, പക്ഷേ അത് നമുക്ക് ഫീൽ ചെയ്യില്ല. ഈ ചിത്രത്തിന് അതത്ത്യാവശ്യമാണ്.
മോഹൻലാലിനെ കൂടാതെ ഓരോ താരങ്ങളും തങ്ങളുടെ റോളുകൾ മികച്ചതാക്കി സ്ക്രീനിന് മുന്നിൽ എത്തിച്ചിട്ടുണ്ട്. വാലിബന്റെ സന്തത സഹചാരിയായ അയ്യാനാരെ സ്ക്രീനിന് മുന്നിലെത്തിച്ചത് ഹരീഷ് പേരടി ആയിരുന്നു. അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എടുത്ത് പറയേണ്ടത് ചിത്രത്തിൽ ചമതകന്റെ റോൾ ചെയ്ത ഡാനിഷ് സേഠ് ആണ്. ചിത്രത്തിൽ രംഗറാണിയുടെ തോഴിയായി എത്തുന്ന സഞ്ജനയും തന്റെ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്തി. ചിന്നനായി വന്ന മനോജ് മോസസും ജമന്തിയായി വന്ന കഥാ നന്ദിയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.