പാട്ടും ആട്ടവുമായി മോഹൻലാൽ; ചെന്തീപോലെ ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബനി’ലെ ഏവരും കാത്തിരുന്ന ‘റാക്ക്’ ഗാനം
പ്രേക്ഷകരേവരും അക്ഷമരായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ “റാക്ക്” ഗാനം പുറത്തിറങ്ങി. പി.എസ് റഫീക്കിന്റെ രചനയിൽ പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ മോഹൻലാൽ ആലപിച്ചിരിക്കുന്ന ഗാനം ഏറെ ചടുലവും കൗതുകകരവുമാണ്. യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഗാനം എന്ന രീതിയിലാണ് പാട്ട് ചിത്രത്തിലെത്തുന്നതെന്നാണ് ലിറിക്കൽ വീഡിയോ ഗാനത്തിൽ നിന്നും ലഭിക്കുന്ന സൂചനകള്‍. ജനുവരി 25 ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിനായി കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ഗാനം.
‘ഇനി കാണപോവത് നിജം’ എന്ന മോഹൻലാലിന്റെ ഡയലോഗുമായെത്തിയ സിനിമയുടെ ടീസർ ഏറെ തരംഗമായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ പുന്നാരകാട്ടിലെ പൂവനത്തിൽ എന്ന ഗാനവും ഏവരും ഏറ്റെടുത്തിരുന്നു. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ഏവരും വാനോളം പ്രതീക്ഷയിലാണ്.
തന്റെ ഓരോ സിനിമകളിലൂടേയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മറ്റൊരു വിസ്മയമാകും ‘മലൈക്കോട്ടൈ വാലിബൻ’ എന്ന് ഊട്ടിഉറപ്പിക്കുന്നതാണ് സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും പാട്ടുകളും. നാളുകളേറെയായി ഓരോ കണ്ണുകളും കാണാൻ കൊതിച്ച മോഹൻലാലിന്റെ അവതാരപിറവിയാകും ചിത്രം എന്നാണ് ആരാധകരുടേയും സിനിമാപ്രേമികളുടേയും കണക്കുകൂട്ടൽ.
2023 ജനുവരി പതിനെട്ടിനായിരുന്നു രാജസ്ഥാനിലെ ജയ് സാൽമീറിൽ വാലിബന്റെ ചിത്രീകരണം ആരംഭിച്ചിരുന്നത്. രാജസ്ഥാനിലെ പൊഖ്റാൻ കോട്ടയിലും ജയ്സാൽമീറിലും അടക്കമായി 75 ദിവസത്തോളം നീണ്ട ആദ്യ ഷെഡ്യൂളിന് ശേഷം ചെന്നൈയിലും പോണ്ടിച്ചേരിയിലും അമ്പത് ദിവസത്തോളം രണ്ടാം ഷെഡ്യൂള്‍ പൂർത്തിയായിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന വാലിബൻ്റെ കഥയും സംവിധാനവും ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ പി എഫ് റഫീക്കുമാണ് ഒരുക്കുന്നത്. ‘നായകൻ’ മുതൽ ‘നൻപകൽ നേരത്ത് മയക്കം’ വരെ തന്റെ ഓരോ സിനിമയും വിസ്മയമാക്കി മാറ്റുന്ന ലിജോ ‘വാലിബനി’ൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതങ്ങളും കൗതുകങ്ങളും എന്തൊക്കെയെന്നറിയാനുള്ള കാത്തിരിപ്പിലുമാണ് പ്രേക്ഷകർ.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ് സേഠ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, സഞ്ജന ചന്ദ്രൻ തുടങ്ങി നിരവധിപേരാണ് സിനിമയിൽ അഭിനയിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം ജൂനിയർ ആർടിസ്റ്റുകളും സിനിമയിൽ അണിനിരന്നിട്ടുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചനാണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ ദീപു ജോസഫാണ്. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍, ആർട്ട് ഗോകുൽദാസ്, കോസ്റ്റ്യൂം സുജിത് സുധാകരൻ, രതീഷ് ചമ്രവട്ടം, സ്റ്റണ്ട് വിക്രം മോർ, സുപ്രീം സുന്ദർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി. കോറിയോഗ്രഫി സാമന്ത് വിനിൽ, ഫുലാവ കംകാർ തുടങ്ങിയവരാണ്.
ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം അനൂപിന്റെ മാക്സ് ലാബ് സിനിമാസ്, കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബ‘ന്റെ നിര്‍മ്മാണ പങ്കാളികളാണ്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ, എംസി ഫിലിപ്പ് ജേക്കബ് ബാബു എന്നിവരാണ് നിർമ്മാതാക്കള്‍. സാഹിൽ ശർമ്മയാണ് കോ-പ്രൊഡ്യൂസർ. മലയാളം കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. അടുത്തിടെ സിനിമയുടെ പ്രചാരണാർത്ഥം ഡിഎൻഎഫ്ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) പുറത്തിറക്കിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.