മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടിയിൽ; ഇതുവരെ നേടിയത് എത്ര കോടി?
ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മലൈക്കോട്ടൈ വാലിബൻ ഇന്ന് മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ഈ ചിത്രം റിലീസിന് മുൻപ് ലഭിച്ച ഹൈപ്പിനൊത്ത് ഉയർന്നില്ല എന്നാണ് ആക്ഷേപം. പക്ഷേ പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫിക്കും മോഹൻലാലിന്റെ പ്രകടനത്തിനും മേക്കിങ്ങിനുമെല്ലാം പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ തിയറ്റർ റൺ അവസാനിപ്പിച്ച് വാലിബൻ ഒടിടിയിൽ എത്തുകയാണ്.
ഇന്നാണ് മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. തിയറ്ററിൽ എത്തി സിനിമ കാണാത്തവർക്കും കണ്ടവർക്ക് ഒരിക്കൽ കൂടിയും കാണാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നത്. ഒടിടി റിലീസിനോട് അനുബന്ധിച്ച് ഗംഭീര ട്രെയിലറും ഹോട്സ്റ്റാർ പുറത്തിറക്കിയിട്ടുണ്ട്. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
അതേസമയം, വാലിബൻ ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷനുകളും പുറത്തുവരികയാണ്. ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം വാലിബൻ ആകെ നേടിയത് 29.90കോടിയത്. ചിത്രത്തിന്റെ ബജറ്റ് 65 കോടിയാണെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചില ട്രേഡ് അനലിസ്റ്റുകൾ വാലിബൻ 30 കോടി നേടിയെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യദിന കളക്ഷനിൽ 10 കോടിക്ക് മേൽനേടിയ ചിത്രമാണ് വാലിബൻ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കളക്ഷനിൽ പിടിച്ചു നിൽക്കാൻ ചിത്രത്തിനായില്ല.
അതേസമയം, പൃഥ്വിരാജിന്റെ എമ്പുരാൻറെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. പുതിയ ഷെഡ്യൂൾ അമേരിക്കയിലാണ് നടക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസിഫറിൻറെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ബറോസ് ആണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. വൃഷഭ, റമ്പാൻ തുടങ്ങിയവ അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങളാണ്.