
വാലിബൻ റിലീസിന് ഒരുങ്ങുമ്പോൾ …. അതിശക്തനെ കണ്ടെത്താൻ ‘സ്ട്രോങ്ങ് മാൻ ചാലഞ്ച്’
ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് അതിനൊരു ഓളം ഉണ്ടാകുകയാണെങ്കിൽ, ഒറ്റക്കാരണമേ ഉണ്ടാകൂ. താരങ്ങൾ. പ്രത്യേകിച്ച് സൂപ്പർ താരങ്ങൾ. അത്തരത്തിൽ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്നൊരു സിനിമയുണ്ട് മലയാളത്തിൽ. മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി ഏതാനും ദിനങ്ങൾ കൂടി മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ വാലിബനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകളെല്ലാം ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. ജനുവരി 25നാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ്. ചിത്രത്തിൽ മോഹൻലാൽ അതിശക്തനായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റിലീസിനോടനുബന്ധിച്ച് കേരളത്തിലെ ശക്തരിൽ അതിശക്തനെ കണ്ടെത്താൻ ‘സ്ട്രോങ്ങ് മാൻ ചാലഞ്ച്’ സംഘടിപ്പിക്കുന്നു. മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രീയേറ്റീവ് ആർട്സും വാലിബൻ അണിയറ പ്രവർത്തകരും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പ്രശസ്തിയാർജിച്ച സ്ട്രോങ് മാൻ ചാലഞ്ച് കേരളത്തിൽ ആദ്യമായാണ് നടക്കുന്നത്. ഈ വാർത്ത കേട്ടതോടെ ആരാധകരെല്ലാം വലിയ ആകാംഷയിലാണ്.
ജനുവരി 18ന് കൊച്ചി ബോൾഗാട്ടി പാലസിൽ നടത്തുന്ന പരിപാടിയിൽ ബോഡി ബിൽഡർ, പവർ ലിഫ്റ്റർ, വെയ്റ്റ് ലിഫ്റ്റർ തുടങ്ങിയവർക്കു പ്രൊഫഷനൽ കാറ്റഗറിയിലും കായികപ്രേമികൾക്കു പൊതുവായ കാറ്റഗറിയിലായിരിക്കും മത്സരം നടക്കുക. രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ ആണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയം. പ്രൊഫഷനൽ കാറ്റഗറിയിൽ പങ്കെടുക്കുന്ന മത്സരങ്ങളിൽ നിന്നു ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഈ കാറ്റഗറിയിലെ വിജയിക്ക് നടൻ മോഹൻലാൽ മിസ്റ്റർ വാലിബൻ പട്ടവും സമ്മാനത്തുകയും നൽകും. വാലിബന്റെ ട്രെയിലർ റിലീസും ഓഡിയോ ലോഞ്ചും നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരിക്കും സമ്മാനം നൽകുക. ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് 30,000 രൂപ ക്യാഷ് പ്രൈസ് സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000, 5000 രൂപ വീതമായിരിക്കും സമ്മാനം ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുവാനായി റജിസ്റ്റർ ചെയ്യുവാൻ 99958 11111എന്ന നമ്പറിൽ വാട്സാപ് ചെയ്യുക. മത്സരിക്കുന്ന കാറ്റഗറി പ്രഫഷനൽ അല്ലെങ്കിൽ ജനറൽ കാറ്റഗറി എന്ന് മെൻഷൻ ചെയ്യണം. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുക്കുന്ന വ്യക്തികൾക്കു മാത്രമായിരിക്കും മത്സരിക്കാൻ അവസരം.
അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ( FDFS) രാവിലെ ആറരയ്ക്ക് തുടങ്ങും. ഫാൻസ് ഷോ ആയിരിക്കുമിത്. ഇതിനോടകം 125ലധികം ഫാൻസ് ഷോകൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തായാലും നിലവിലെ ഹൈപ്പിന്റെയും ആവേശത്തിന്റെയും അടിസ്ഥാനത്തില്‍ മോഹൻലാൽ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച ബുക്കിങ്ങും കളക്ഷനും ലഭിക്കുമെന്ന് ഉറപ്പാണ്. പി എസ് റഫീക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മധു നീലകണ്ഠന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.