‘ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടന്റെ സൗന്ദര്യം കൂട്ടുന്നതിന് പിന്നിലെ ജോർജ് ടച്ച് ‘; ജോർജ് തന്നെ വ്യക്തമാക്കുന്നു
മലയാള സിനിമയിലെ മേക്കപ്പാർട്ടിസ്റ്റും നിർമ്മാതാവുമാണ് ജോർജ്. മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ആയി സിനിമ രംഗത്ത് ചുവട് വെച്ച വ്യക്തിയാണ് ഇദ്ദേഹം. ജോർജിന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും മമ്മൂട്ടി കൊടുത്തതാണ്. അതിനാൽ തന്നെ ഒരു മേക്കപ്പ്മാൻ എന്നതിലുപരി മമ്മൂട്ടിയുടെ നിഴലായാണ് ജോർജ് കൂടെയുള്ളത്. നടനും മേക്കപ്പ്മാനും തമ്മിലുള്ള ബന്ധത്തിൽ നിന്നും തുടങ്ങി ജീവിതത്തിന്റെ ഭാഗമായി മാറിയ മമ്മൂട്ടി എന്ന മഹാനടനെ കുറിച്ചാണ് ജോർജ് പറയുന്നത്.1991 ഓഗസ്റ്റ് 15 – ന് ഊട്ടിയിൽ ‘നീലഗിരി’ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ജോർജ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. മേക്കപ്പ്മാനായ അച്ഛൻ ദേവസിയുടെ കൂടെയാണ് അന്ന് ജോർജ് അവിടെ എത്തിയത്.
മേക്കപ്പ് ചെയ്യുന്നതിനിടെ അച്ഛനോട് മമ്മൂക്ക ചോദിച്ചു, “ജോർജിനെ എനിക്കൊപ്പം അയച്ചുകൂടെ എന്റെ മേക്കപ്പ്മാനായി”. ഇത് അറിഞ്ഞ ഉടനെതന്നെ സമ്മതം അറിയിക്കുകയായിരുന്നു ജോർജ്. അന്ന് തൊട്ട് ഇന്ന് വരെ മമ്മൂട്ടിയുടെ കൂടെയുണ്ട് ഇദ്ദേഹം. ആദ്യമായി മേക്കപ്പെടുമ്പോൾ ജോർജിന്റെ കൈ വിറയ്ക്കുമായിരുന്നുവെന്നും മമ്മൂട്ടി തന്ന ധൈര്യമാണ് ഇദ്ദേഹത്തിന്റെ ഇതുവരെയുള്ള കോൺഫിഡൻസ് എന്നും ജോർജ് പറയുന്നു. “ആദ്യം മമ്മൂക്കയെ കാണുമ്പോൾ ഉള്ള അതേ തിളക്കം ഇന്നും അദ്ദേഹത്തിന്റെ ചർമ്മത്തിനുണ്ട്. അതിനാൽ ചെറിയ രീതിയിൽ ടച്ച് അപ്പ് ചെയ്താൽ മതി” എന്നും ജോർജ് കൂട്ടിച്ചേർക്കുന്നു. മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ മമ്മൂക്കയാണ് എന്നതിൽ ഒരു തർക്കവുമില്ല. അതിൽ ജോർജിന്റെ മേക്കപ്പും കുറച്ച് സ്പെഷ്യലാണ്.
മമ്മൂട്ടിയുടെ മേക്കപ്പ്മാനായി അരങ്ങേറ്റം കുറിച്ച് ജോർജ് ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നിർമ്മാതാവ് കൂടിയാണ്. ജോർജ് ആദ്യമായി നിർമ്മാണ രംഗത്ത് എത്തുന്നത് ‘മായാവി’ എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയാണ്. പിന്നീട് ഇമ്മാനുവൽ, അച്ഛാദിൻ, ലാസ്റ്റ് സപ്പർ, പുഴു തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. സിൻ സിൽ സെല്ലിലോയ്ഡ് എന്ന ബാനറിൽ ആണ് ജോർജ് സിനിമകൾ നിർമ്മിക്കുന്നത്. “നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ഓരോ സിനിമയും നിർമിക്കാവൂ” എന്നാണ് മമ്മൂക്ക ജോർജ്ജിനോട് പറഞ്ഞിരിക്കുന്നത്.
മമ്മൂക്കയുടെ നിർദ്ദേശം അനുസരിച്ചാണ് ജോർജ് ഓരോ കാര്യവും ചെയ്യുന്നത്. അതിനാൽ ഇതുവരെ മമ്മൂക്കയിൽ നിന്നും ഇദ്ദേഹത്തിന് വഴക്ക് കേട്ടിട്ടില്ല. മമ്മൂക്കയുടെ മുഖത്തെ മാത്രമല്ല മനസ്സിനെയും ഒപ്പിയെടുത്ത് വ്യക്തിയാണ് ജോർജ്. മമ്മൂക്കയുടെ കുടുംബത്തിലെ ഒരംഗം തന്നെയാണ് ജോർജ്. ഒരു ദിവസത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ മമ്മൂക്കയുടെ നിഴലുപോലെ കൂടെയുണ്ടാകും ഇദ്ദേഹം. 30 വർഷങ്ങൾ നീളുന്ന ഈ കൂട്ടുകെട്ടാണ് ജോർജിന്റെ ഏറ്റവും വലിയ വിജയവും.