400 കോടി നേടി വിക്രം! മോഹന്‍ലാലിനെ വെച്ച് തമിഴില്‍ സിനിമ ചെയ്യുമെന്ന് വാക്ക് നൽകി ലോകേഷ് കനകരാജ്
തമിഴിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും, ഏകദേശം 400 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് റിലീസ് ചെയ്ത ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘ വിക്രം’. കമല്‍ഹാസനെ കൂടാതെ, ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്, കാളിദാസ് ജയറാം തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴ് നാടിന് പുറമെ കേരളത്തിലും ചിത്രം വന്‍ ഹിറ്റായിരുന്നു. 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ചിത്രം 31 കോടിയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന് ലോകേഷും, സംഗീത സംവിധായകന് അനിരുദ്ധും കേരളത്തില്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെയും, മെഗാസ്റ്റാര്‍ മമ്മൂട്ടിയേയും വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ട് എന്നു പറയുകയാണ് ലോകേഷ് കനകരാജ്. അത് തമിഴില്‍ ആയിരിക്കുമെന്നും ലോകേഷ് വ്യക്തമാക്കി. അതേസമയം, ഉലകനായകന് കമല്‍ഹാസന്റെ വന്‍ തിരിച്ചു വരവാണ് ഈ ചിത്രത്തിലൂടെ കാണാന്‍ സാധിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ ഒരു വിജയം തന്നെ ആയിരുന്നു. വലിയ ഒരു ഇടവേളക്ക് ശേഷമാണ് ഒരു സിനിമ 400 കോടി കളക്ഷന്‍ നേടുന്നത്.
മാസ്റ്റര്‍ എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് വിക്രം. അതുപോലെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു തമിഴ് ചിത്രം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന കളക്ഷനാണ് വിക്രം സ്വന്തമാക്കിയത്. വിക്രം എന്ന സിനിമയുടെ വിജയത്തില്‍ തന്റെ സംഘത്തില്‍ ഉണ്ടായിരുന്ന എല്ലാവര്ക്കും പങ്കുണ്ടെന്ന് സംവിധായകന് നേരത്തെ പറഞ്ഞിരുന്നു. കൂടാതെ, ചിത്രത്തിലെ കമല്‍ഹാസന്റെ അഭിനയം തകര്‍ത്തെന്നും, ഫഹദിന്റെ അഭിനയ മികവ് തന്നെ അമ്പരപ്പിച്ചെന്നും ലോകേഷ് പറഞ്ഞു. ആക്ഷന്‍ പറയുമ്പോള്‍ ഫഹദിന് ഉണ്ടാകുന്ന ഭാവ മാറ്റം ഏറെ തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും, ഫഹദില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫഹദ് ഫാസിലിന് മാത്രമായ സ്ക്രിപ്റ്റുകള്‍ ഇനിയും വരേണ്ടതുണ്ടെന്നും ലോകേഷ് വ്യക്തമാക്കി.