fbpx

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം കടന്നുപോയത്. ലോക മലയാളികളും മാധ്യമങ്ങളും വലിയ രീതിയിൽ ആഘോഷമാക്കിയ മെഗാസ്റ്റാറിന്റെ ജന്മദിനത്തിൽ പ്രമുഖരടക്കം നിരവധി പേർ മമ്മൂട്ടിയെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കു വെക്കുകയാണ് ചെയ്തത്. എന്നാൽ മമ്മൂട്ടിയുടെ പ്രവർത്തിയിൽ നിന്ന് നേരിടേണ്ടിവന്ന ദൂരെ അനുഭവത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ആ ദിനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഹിന്ദു ദിനപത്രത്തിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ആയിരുന്ന കെ.എ ഷാജി എന്നാ മാധ്യമപ്രവർത്തകനാണ് മമ്മൂട്ടിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ ഇദ്ദേഹം പ്രമുഖ ദേശീയ ഓൺലൈൻ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിക്കുകയാണ്. പ്രമുഖ ഓൺലൈൻ മീഡിയ ആയ മറുനാടൻ മലയാളി ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ‘മമ്മൂട്ടിയെ കുറിച്ച് മഹാ പരദൂഷണം’ എന്ന തലക്കെട്ടോടെ നൽകിയ വാർത്തക്കെതിരെ കെ.എ ഷാജി പ്രതികരിക്കുകയും ചെയ്തിരുന്നു. “മറുനാടൻ മലയാളിയോട് ഒന്നേ പറയാനുള്ളു. ആ ഫേയ്സ്ബുക്ക് പോസ്റ്റ് ഒരു പരദൂഷണമായിരുന്നില്ല. നേരിട്ടനുഭവിച്ചത് ഏറ്റവും മിതത്വം പാലിച്ച് സത്യസന്ധതയോടെ രേഖപ്പെടുത്തിയതാണ്. സൂപ്പർ സ്റ്റാറിൻ്റെ അഭിനയ സിദ്ധിയുടേയും പാരമ്പര്യത്തിൻ്റെയും വിലയിരുത്തലായിരുന്നില്ല അത്. മഹാനടനെന്ന നിലയിലുള്ള ആദരവോട് കൂടി തന്നെ സ്വന്തം അനുഭവം എഴുതിയതിൽ ഉറച്ച് നില്ക്കുന്നു.” എന്നാണ് കെ.എ ഷാജി പ്രതികരിച്ചത്.

പ്രമുഖ മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. മമ്മൂട്ടിക്കെതിരെ ഇത്രയും വലിയ ആരോപണം ഉന്നയിക്കുമ്പോൾ അത് ശ്രദ്ധയിൽ കൊണ്ടുവരാൻ മാത്രമാണ് ഞങ്ങൾ ശ്രമിക്കുന്നത്. മമ്മൂട്ടി എന്ന നടനെ വളരെ ആത്മാർത്ഥതയോടെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്ക് എന്തെങ്കിലും അമർഷം ഉണ്ടാവുകയാണെങ്കിൽ അതിന് ഞങ്ങൾ ഉത്തരവാദി അല്ല എന്ന് അറിയിച്ചുകൊള്ളുന്നു. കെ.എ ഷാജി എന്ന മാധ്യമപ്രവർത്തകന്റെ പ്രതികരണം മാത്രമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

കെ.എ ഷാജി ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌. ഡല്‍ഹിയില്‍ നിന്നും പുതുതായി ഇറങ്ങി തുടങ്ങിയിരുന്ന ഓപ്പണ്‍ വാര്‍ത്താ വാരികയുടെ ചെന്നൈ ലേഖകന്‍ ആയി ചുമതല ഏറ്റതേയുള്ളു. ഒരു തണുത്ത പ്രഭാതത്തില്‍ ഡല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കിലെ വാരികയുടെ ഓഫീസില്‍ നിന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍ ബംഗാളിയായ പത്രാധിപര്‍ സന്ദീപൻ ദേബ് പുറകില്‍ നിന്ന് വിളിച്ചു. ഒരു സഹായം വേണം. എന്നെപ്പോലെ ഒരു നിസ്വനില്‍ നിന്നും ആ വലിയ മനുഷ്യന് എന്ത് തരം സഹായം എന്ന ആശയ കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം വിനീതനായി ചോദിച്ചു: മലയാള സിനിമാ ലോകത്ത് ബന്ധങ്ങള്‍ ഉണ്ടോ?” ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആവശ്യം വളച്ചു കെട്ടില്ലാതെ പറഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറിനെ -താര രാജാവിനെ- അഭിമുഖം നടത്താന്‍ അവസരം ഉണ്ടാക്കി തരണം. അതൊരു സാഹസം അല്ലെ എന്ന് മനസ്സില്‍ തോന്നിയെങ്കിലും ചോദിച്ചില്ല.

പുതിയ ജോലിയും പുതിയ പത്രാധിപരും അല്ലെ. ശരിയാക്കി തരാം എന്ന് പറഞ്ഞു മടങ്ങി. കോഴിക്കോട് നിന്ന് അന്ന് പുറത്തിറങ്ങിയിരുന്ന പ്രമുഖ സിനിമാ വാരികയുടെ പത്രാധിപര്‍ സുഹൃത്ത് ആയിരുന്നതിനാല്‍ അദ്ദേഹം വഴി താരത്തെ ബന്ധപ്പെട്ടു. മലയാള സിനിമയെ സ്നേഹിക്കുന്ന ആഗോള പ്രശസ്തന്‍ ആയ പത്രാധിപര്‍ ആണ് അഭിമുഖത്തിനു വരുന്നത് എന്നൊക്കെ തട്ടി വിട്ടു. താരത്തിന് സന്തോഷമായി.നേരിട്ട് വിളിയ്ക്കാന്‍ പത്രാധിപരുടെ നമ്പറും കൊടുത്തു. ഒരു വൈകിട്ട് പരിഭ്രാന്തനായ പത്രാധിപര്‍ വിളിച്ചു. “നിങ്ങളുടെ താരം എന്ത് വെറുപ്പിക്കല്‍ ആണ്. എന്നെ സ്ഥിരം ഫോണില്‍ വിളിച്ച് അവിടെ വാ ഇവിടെ വാ എന്നൊക്കെ പറയുന്നു. മനുഷ്യര്‍ക്ക്‌ ഇത്രയൊക്കെ അഹങ്കാരവും തലക്കനവും ഉണ്ടാകുമോ? ഒരു സമാധാനവും അയാള്‍ തരുന്നില്ല. അയാളെ കാണാന്‍ ഞാന്‍ വരുന്നില്ല. എന്‍റെ മൊത്തം ഇമ്പ്രഷന്‍ പോയി. ഇത്രയുമായ സ്ഥിതിക്ക് നിങ്ങള്‍ പോയി അഭിമുഖം എടുക്കൂ. അയാളുടെ സമാധാനത്തിന് നമുക്കാ അഭിമുഖം കൊടുത്തേക്കാം.” അങ്ങനെ താരത്തെ വിളിച്ചു. താരം കോട്ടയം പട്ടണത്തില്‍ ഒരു സര്‍ക്കസ് കൂടാരത്തില്‍ ഷൂട്ടിങ്ങില്‍ ആണ്.

എന്തോ ഭൂതമോ മറ്റോ ആയി അഭിനയിക്കുകയാണ്. റെയില്‍വേ ഉദ്യോഗസ്ഥരുടെ കാലുപിടിച്ചു ഇക്യു ശരിയാക്കി അതിരാവിലെ കോട്ടയത്ത്‌ എത്തി. കണ്ടപാടെ താരം ക്ഷുഭിതനായി. മഹാനായ പത്രാധിപര്‍ക്ക് പകരം സാധാലേഖകന്‍. പത്രാധിപരോടുള്ള കലി മുഴുവന്‍ എന്നോട് തീര്‍ത്തു. എല്ലാം കേട്ടു. തന്നെ പോലെ ഒരു മഹാനെ അഭിമുഖം ചെയ്യാന്‍ ഒരു പീറ റിപ്പോര്‍ട്ടറോ എന്ന് ധ്വനിപ്പിക്കും വിധം അത്യന്തം അധിക്ഷേപകരമായി പലവട്ടം സംസാരിച്ചു. ജോലി ഇല്ലാതെ ജീവിക്കാന്‍ ആകില്ല എന്നതിനാല്‍ സഹനം മാത്രമേ രക്ഷയുള്ളൂ. ഒടുവില്‍ അധിക്ഷേപം താങ്ങാന്‍ ആകാതെ എന്നാല്‍ അഭിമുഖം വേണ്ട സാര്‍ എന്ന് പറഞ്ഞു മടങ്ങാന്‍ തുടങ്ങിയപ്പോള്‍ താരം അയഞ്ഞു. വാരികയുടെ കോപ്പി കാണിക്കാന്‍ പറഞ്ഞു. കവര്‍ സ്റ്റോറി ആക്കുമോ എന്നായി ചോദ്യം. എത്ര പേജ് വരും അഭിമുഖം എന്നായി അടുത്ത ചോദ്യം. അച്ചടിക്കും മുന്‍പ് തന്നെ കാണിക്കണം എന്നും ഫൈനല്‍ എഡിറ്റിംഗ് താന്‍ തന്നെ നടത്തും എന്നും പറഞ്ഞു. ഒക്കെ സമ്മതിച്ചപ്പോള്‍ അടുത്ത നിബന്ധന. ഷൂട്ടിംഗ് നടക്കുകയാണ്. ഫ്രീ ആകുമ്പോള്‍ സംസാരിക്കാം. ഇവിടെ തന്നെ ഉണ്ടാകണം. ചുട്ടു പഴുത്ത സര്‍ക്കസ് കൂടാരം. പൊടിയും മണ്ണും ചൂടും. എന്നിട്ടും അന്ന് വൈകിട്ടുവരെ താരം ഫ്രീ ആകുന്നതും കാത്ത് അവിടെ തന്നെ നിന്നു. ഭക്ഷണം കഴിക്കാന്‍ പോലും പുറത്ത് പോകാതെ.

മുന്നില്‍ പട്ടണത്തിലെ സകല ഭൂതങ്ങളും ആര്‍ത്തുവിളിച്ചു നടന്നു. ഇടയ്ക്ക് താരം ഭക്ഷണത്തിനും വിശ്രമത്തിനും കാരവാനില്‍ പോയി. പോകും വഴി ചിരിച്ചു. ഇവിടെ ഉണ്ടാകണേ. ഞാന്‍ ഫ്രീ ആകട്ടെ. വൈകിട്ട് താരം വിളിച്ചു. നാളെയല്ലേ മടങ്ങൂ. അതെയെന്നു പറഞ്ഞപ്പോള്‍ താരം പറഞ്ഞു: എന്നാല്‍ നമുക്ക് നാളെ കാണാം. രാവിലെ തന്നെ പോരൂ. രാവിലെ ചെല്ലുമ്പോള്‍ താരത്തെ കാണാന്‍ കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകര്‍ വന്നിരുന്നു. എന്തോ വിഷയത്തില്‍ എന്തോ അഭിപ്രായം ചോദിക്കണം. അവരെ എല്ലാം താരം വധിച്ചു കൊണ്ടിരിക്കുന്നു. ഡല്‍ഹി വാരികയുടെ പ്രമുഖന്‍ രണ്ട് ദിവസമായി തന്‍റെ അഭിമുഖം കിട്ടാന്‍ വെയ്റ്റ് ചെയുകയാണ് എന്നും നിങ്ങള്‍ അയാളെ കണ്ടു പഠിക്കണം എന്നുമെല്ലാം ആണ് അവരോട് പറഞ്ഞത്. ഉത്തരവാദിത്വ പത്രപ്രവര്‍ത്തനത്തില്‍ അവര്‍ക്കെല്ലാം ഫ്രീ ക്ലാസ്സ്‌. ഞാന്‍ നില്‍പ്പ് സമരം തുടര്‍ന്നു. ഉച്ചയായപ്പോള്‍ താരം പ്രാര്‍ത്ഥിക്കാന്‍ വെളിയില്‍ പോയി. പിന്നെ മടങ്ങി വന്നു ഭക്ഷണം, വിശ്രമം. ഒടുവില്‍ വൈകിട്ട് അഞ്ച് മണിക്ക് വിളിച്ചു. കാരവനില്‍ കുറ്റി ബീഡി വലിച്ചു കൊണ്ട് താരം. ആ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച എന്‍റെ സുഹൃത്ത്‌ വരുണ്‍ രമേഷിനെ താരം തടഞ്ഞു. നിങ്ങള്‍ക്ക് വേണ്ട ഫോട്ടോസ് തന്‍റെ ഒഫീഷ്യൽ ഫോട്ടോഗ്രഫര്‍ മെയില്‍ ചെയ്ത് തരുമെന്നായി.

പിന്നെ അതുവരെ ഉണ്ടായിരുന്ന ജാഡകള്‍ അഴിച്ചു വച്ച് താരം വിനീതനായി. ത്യാഗി, നിസംഗന്‍, നിര്‍മമന്‍, നിരാമയൻ. പിന്നിട്ട വഴികള്‍, ജീവിതം, അഭിനയം, ലോകം, സമൂഹം എന്നിവയെ പറ്റിയെല്ലാം ഒരു വൈരാഗിയുടെ മൊഴികള്‍. കാരവനിലെ തണുപ്പിലും കൂളിംഗ്‌ ഗ്ലാസ്‌ വച്ച മുഖത്ത് ഒരു പരമ ശാന്തത കളിയാടിയിരുന്നു. ശ്രീബുദ്ധനെ പറ്റി സിനിമ എടുത്താല്‍ അതിനും പറ്റിയ ആള്‍ താന്‍ തന്നെ എന്ന് തോന്നിപ്പിച്ചു. പിരിയാന്‍ നേരം അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു: “കവര്‍ സ്റ്റോറി ആക്കണം കേട്ടോ.” അത് പാതി കേട്ടെന്ന് വരുത്തി ഞാനും വരുണും തൊട്ടടുത്ത ഹോട്ടലിലേക്ക് നടന്നു. വിശപ്പായിരുന്നു അപ്പോഴത്തെ മുഖ്യ പ്രശ്നം.

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.