‘പ്രിയ സുരേഷ് ഗോപി നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയതയും സവർണതയുമാണ്…’ വൈറലായ കുറിപ്പ് !!
1 min read

‘പ്രിയ സുരേഷ് ഗോപി നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയതയും സവർണതയുമാണ്…’ വൈറലായ കുറിപ്പ് !!

നടൻ സുരേഷ് ഗോപിയെ കുറിച്ച് ഏവർക്കും ഒറ്റ അഭിപ്രായം ആണെങ്കിൽ സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനായി കുറിച്ച് പലർക്കും പല അഭിപ്രായമാണുള്ളത്. വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപി ചെയ്യാറുള്ള കാരുണ്യ പ്രവർത്തിയെക്കുറിച്ച് ഏവരും നല്ല അഭിപ്രായം പറയാറുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ പ്രസ്താവനകൾ ഒരു ഭാഗം വരുന്ന കേരള സമൂഹം തള്ളിക്കളയുകയും വിമർശിക്കുകയും ആണ് ചെയ്യുന്നത്. ഇപ്പോഴിതാ നാളിതുവരെയായി സുരേഷ് ഗോപി നേരിട്ടതിലും വെച്ച് ഏറ്റവും വലിയ വിമർശനവുമായി ലക്ഷ്മി രാജീവ് എന്ന വ്യക്തി രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹിക വിഷയങ്ങളിൽ നവമാധ്യമങ്ങളിലൂടെ ശക്തമായ പ്രതികരണം രേഖപ്പെടുത്താനുള്ള ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ എല്ലായ്പ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ സുരേഷ്ഗോപിയെ നിശിതമായി വിമർശിക്കുന്ന ലക്ഷ്മിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ വാർത്താ പ്രാധാന്യം നേരിടുന്നു വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:”പ്രിയ സുരേഷ് ഗോപി നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയിരുന്നു പണ്ട്. കുഞ്ഞു മകൾ ലക്ഷ്മിയുടെ മരണത്തിൽ നെഞ്ച് പൊട്ടി കരയുന്ന , സിനിമയിൽ ചാൻസ് ഇല്ലാത്ത കാലത്ത് ഉള്ള സങ്കടങ്ങൾ തുറന്നു പറഞ്ഞ, എന്നോ യാത്രയിൽ തമ്മിൽ കണ്ട പരിചയം സ്നേഹമായി സൂക്ഷിച്ച എവിടെ വിളിച്ചാലും ഓടിയെത്തുന്ന , വിളിച്ചാൽ ഫോൺ എടുക്കുന്ന സുരേഷ്‌ഗോപി. അനീതിക്കും അക്രമത്തിനും എതിരെ പോരാടുന്ന ആദർശ ധീരനായ പോലീസ് ഓഫീസർ വേഷങ്ങളിൽ തിളങ്ങിയ നിങ്ങളിൽ ആകൃഷ്ടരായി പോലീസ് ജോലിയിൽ കയറിയ ചെറുപ്പക്കാർ നിരവധിയാണ്.നിങ്ങൾ ഒരു വർഗീയ പാർട്ടിയിൽ ചേരുമ്പോഴും അത്രയധികം ഞെട്ടൽ തോന്നിയില്ല. ആ പാർട്ടി നിങ്ങളെക്കൊണ്ട് അൽപ്പമെങ്കിലും മെച്ചപ്പെടുമെന്ന് ആശിച്ചു പോകാനുള്ള കനിവ് നിങ്ങളിൽ ഉണ്ടായിരുന്നു. നിങ്ങളിൽ മാത്രം.

സ്വാമി അയ്യപ്പൻറെ പടം വരച്ച ഷർട്ടുമിട്ടു നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയതയും സവർണതയുമാണ് . എല്ലാ മതങ്ങളിലെയും ആചാരങ്ങൾ നിങ്ങൾ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പൻറെ ചിത്രം വരച്ചു ചേർത്ത ഷർട്ടുമിട്ടു കൊണ്ട് നിങ്ങൾ പറയുമ്പോൾ നിങ്ങൾ ശരിക്കും ആരാണെന്നു ഓർത്തു പോകുകയാണ്. ഒരു സെകുലർ രാജ്യത്തെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അതൊരു പുണ്യ പുരാതന ബാലെ അല്ലെന്ന് അറിയാനുള്ള വിദ്യാഭ്യാസം നിങ്ങൾക്കുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ സംഭാഷണത്തിലെ ഘടകങ്ങൾ? മഹിഷി, മാളികപ്പുറം, യുദ്ധം, നിഗ്രഹം,തേര് , ശംഖ് , കുന്തം , കൊടച്ചക്രം….. ബ്രാഹ്മണൻ ആകാൻ ആഗ്രഹിക്കുന്ന നിങ്ങളെ , ബിജെപി പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിക്ക് വിലക്കെടുക്കാൻ പാകത്തിന് വളർത്തിയത് ദൈവമല്ല– ഇന്നാട്ടിലെ സാധാരണ മനുഷ്യരാണ്. അതിൽ പട്ടിണി പാവങ്ങൾ വരെയുണ്ടാവും.അവരുടെ എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾ തിരഞ്ഞെടുപ്പിൽ അഡ്രെസ്സ് ചെയ്യുന്നുണ്ടോ? ഇല്ല.പ്രശസ്തമായ ഒരു ചൈനീസ് കവിതയുണ്ട്. ഞാൻ ഒരു പൂമ്പാറ്റയാണോ, പൂമ്പാറ്റയാണെന്ന് സ്വപ്നം കാണുന്ന മനുഷ്യനാണോ എന്ന്.

നിങ്ങൾ ശരിക്കും എന്തായിരുന്നു സുരേഷ് ഗോപി? നിങ്ങൾക്കെങ്കിലും അത് ബോധ്യമുണ്ടോ? വർഗീയ വാദിയായ സുരേഷ് ഗോപിയോ, അതോ വർഗീയ വാദി ആയിരിക്കെ നല്ലവനായി അഭിനയിച്ച സുരേഷ് ഗോപിയോ?ഒരു കാര്യം മാത്രം അറിയാം സുരേഷ് ഗോപി, താങ്കൾ ഇപ്പോൾ ദൈവത്തിൽ നിന്നും ഒരുപാട് അകലെയാണ്. ഒരിക്കലും കാണാൻ സാധിക്കാത്ത വിധം അകലെ.നിങ്ങൾ തോൽക്കുമ്പോൾ ഓർക്കുക–ദൈവം നിങ്ങളുടെ കൂടെ ഇല്ലെന്നു മാത്രം.ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം നിങ്ങൾ എന്തിനാണ് വേണ്ടെന്നു വച്ചത്? നിങ്ങളോട് ഇത് മാത്രം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ ബാക്കി വയ്ക്കുന്നു.”

Leave a Reply