ഇനി കാണാൻ പോകുന്നതാണ് നിജം; മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് ഒരു മാസം ആകാറായി. തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ഈ ചിത്രം ഒടിടിയിലേക്ക് പ്രവേശിക്കുകയാണ്. ജനുവരി 25നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം കടുത്ത ഡീഗ്രേഡിങ്ങിന് ഇരയായ ചിത്രം പിന്നീട് കൂടുതൽ ആളുകൾ കാണാൻ തുടങ്ങിയതോടെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി മുന്നേറുകയായിരുന്നു.
ഇനി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമ്പോൾ സിനിമയ്ക്ക് കൂടുതൽ പ്രശംസകളും മറ്റും ലഭിക്കുമെന്നാണ് സിനിമാ പ്രേമികളും ആരാധകരും കണക്കുകൂട്ടുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 23 മുതൽ ചിത്രം ഒടിടിയിൽ ലഭ്യമായി തുടങ്ങും. ‘ആമേൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബൻ.
മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.