മുതൽമുടക്ക് അഞ്ച് കോടിയിലും താഴെ; പത്ത് കോടി കളക്ഷനുമായി കാതൽ ദി കോർ
വളരെ കുറഞ്ഞ ബജറ്റിലെത്തി ലാഭം കൊയ്യുകയാണ് മമ്മൂട്ടി ചിത്രം ‘കാതൽ’ ദി കോർ. ഏകദേശം അഞ്ച് കോടിക്കു താഴെ മാത്രം മുതൽമുടക്കുള്ള ഈ ചിത്രത്തിന്റെ ആഗോള കലക്ഷൻ പത്തുകോടി പിന്നിട്ടു എന്നത് അതിശയിപ്പിക്കുന്ന വാർത്തയാണ്. കേരളത്തിൽ നിന്നും മാത്രം ചിത്രം 7.5 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ആദ്യം ചുരുക്കം ചില തിയറ്ററുകളില്‍ മാത്രം റിലീസിനെത്തിയ ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ 150നു മുകളിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
യുകെ, ജർമനി, ഫ്രാൻസ്, നോർവേ, ബെൽജിയം എന്നിവിടങ്ങളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. ഡിസംബർ ഏഴിന് ചിത്രം ഓസ്ട്രേലിയയിൽ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകൾ കൈവരിച്ച വമ്പൻ വിജയങ്ങൾ കാതലിനും വിദേശ രാജ്യങ്ങളിൽ പ്രിയം വർധിക്കാൻ കാരണമായിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപത്രങ്ങളിൽ എത്തുന്ന ജിയോ ബേബി ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന അനുമതി നിഷേധിക്കപ്പെട്ടെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്.
കുടുംബപ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത കാതലിന്റെ ഓസ്ട്രേലിയൻ വിതരണ അവകാശം വൻ തുകയ്ക്കാണ് ബിഗ് ബജറ്റ് ഹിന്ദി–തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേൺ സ്റ്റാർ സ്വന്തമാക്കിയത്. ഓസ്ട്രേലിയയിലെ ഇരുപത്തിയഞ്ച് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്ന ചിത്രം തൊട്ടടുത്ത ആഴ്ച കൂടുതൽ തിയറ്ററുകളിൽകൂടി പ്രദർശനത്തിനു എത്തും. ന്യൂസിലാൻഡിലും ഡിസംബർ 14 ന് ചിത്രം വ്യാപകമായി റിലീസ് ചെയ്യും.