”ലീലയിൽ ഞാൻ സംതൃപ്തനല്ല”; സിനിമയാക്കേണ്ടിയിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഉണ്ണി ആർ
1 min read

”ലീലയിൽ ഞാൻ സംതൃപ്തനല്ല”; സിനിമയാക്കേണ്ടിയിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഉണ്ണി ആർ

ലീല സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നെന്ന് എഴുത്തുകാരൻ ഉണ്ണി മുകുന്ദൻ. കഥ സിനിമയാക്കിയതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം ദിനത്തിൽ നടന്ന ‘കഥകൾകൊണ്ട് മാത്രം’ എന്ന സെക്ഷനിൽ പങ്കെടുക്കവെ മനസ് തുറന്നു. കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അത് ഞാൻ എഴുതാൻ പാടില്ലായിരുന്നു. ലീല സിനിമയെന്ന നിലയ്ക്ക് ഞാൻ ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. സ്വന്തം കഥകള്‍ സിനിമ ആക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പലരും കഥകള്‍ സിനിമയാക്കാന്‍ ചോദിക്കാറുണ്ട്. ആത്മാവ് ചോര്‍ന്നുമെന്ന് തോന്നാറുണ്ട്- ഉണ്ണി ആര്‍ പറഞ്ഞു.

തന്‍റെ കഥകളിൽ സിനിമയായി വന്നത് പ്രതി പൂവൻ കോഴി, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയവായാണെന്നും ബാക്കിയുള്ള ബിഗ്ബിയും ചാർളിയുമെല്ലാം സിനിമകളായി എഴുതിയതാണെന്നും ഉണ്ണി ആർ പറഞ്ഞു. കടൽ മുഖ്യപ്രമേയമായി വരുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ രണ്ടാം ദിവസത്തിലെ പരിപാടിയിൽ ഉണ്ണി ആറിനെ കൂടാതെ കഥാകൃത്തുകളായ പി കെ പാറക്കടവ്, ഷാഹിന കെ റഫീഖ്, ഫ്രാൻസിസ് നെറോണ എന്നിവരും പങ്കെടുത്തിരുന്നു.

രഞ്ജിത്ത് നിർമ്മിച്ചു സംവിധാനം ചെയ്ത് 2016 ല്‍ റിലീസ് ചെയ്ത സിനിമയാണ് ലീല. മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്‍റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയായാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്. ബിജു മേനോൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വിജയരാഘവൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, കരമന സുധീർ, പാർവതി നമ്പ്യാർ, ജഗദീഷ്, പ്രിയങ്ക എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.