‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം’; കാര്‍ത്തിക് സുബ്ബരാജിന് മറുപടിയുമായി മെഗാസ്റ്റാര്‍
ലിജോ ജോസ് പെല്ലശ്ശേരി -മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്ക’ ത്തെ പ്രശംസിച്ച് കൊണ്ടുള്ള സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റിന് മറുപടിയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി രംഗത്ത്. ‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നന്ദി’, എന്നായിരുന്നു കാര്‍ത്തിക്കിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മമ്മൂട്ടി കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് സിനിമയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്. രണ്ട് ദിവസം മുന്‍പായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തമിഴ് നാട്ടില്‍ റിലീസ് ചെയ്തത്. കേരളത്തിലേത്ത് പോലെ തന്നെ മികച്ച പ്രതികരണമാണ് തമിഴ്‌നാട്ടിലും മമ്മൂട്ടി ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പ്രശംസയുമായി കാര്‍ത്തിക് സുബ്ബരാജും രംഗത്തെത്തിയത്.
‘നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിത് തിയേറ്ററുകളില്‍ മിസ് ചെയ്യരുതേ. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടികള്‍’, എന്നാണ് കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റ് ചെയ്തിരുന്നത്.
അതേസമയം, മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. തന്റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്.പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം, മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷ് ആണ്. ജനുവരി 19 ന് ആയിരുന്നു ചിത്രത്തിന്റെ കേരളത്തിലെ റിലീസ്. കേരളത്തിനൊപ്പം ജിസിസി, യുഎസ്, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു.