തലവൻ ടീമിനെ അഭിനന്ദിച്ച് കമൽഹസൻ; ടീമിനെ മൊത്തം അഭിനന്ദിച്ച് താരം
1 min read

തലവൻ ടീമിനെ അഭിനന്ദിച്ച് കമൽഹസൻ; ടീമിനെ മൊത്തം അഭിനന്ദിച്ച് താരം

ഫീൽ ​ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്ത് പോന്നിരുന്ന ജിസ് ജോയ് ട്രാക്ക് മാറ്റിപ്പിടിച്ച ചിത്രമായിരുന്നു ബിജു മേനോൻ- ആസിഫ് അലി കോമ്പോയിലിറങ്ങിയ തലവൻ. ഈ അടുത്തകാലത്ത് മലയാള സിനിമയിൽ നിന്നുണ്ടായ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ് ഈ സിനിമ. മേയ് 24-ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്.

ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായും ഈ ചിത്രം മാറി. മലയാള സിനിമാ പ്രേമികളുടേയും ചലച്ചിത്ര പ്രവർത്തകരുടേയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയ ഈ ചിത്രത്തിന് ഇപ്പോൾ കയ്യടിയുമായി എത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ തമിഴ് സൂപ്പർ താരം കമൽഹാസനാണ്.

തലവൻ ടീമിനെ രാജ്കമൽ ഫിലിംസന്റെ ചെന്നൈ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് കമൽഹാസൻ അഭിനന്ദനം അറിയിച്ചത്. ഇന്ത്യൻ സിനിമയിലെ ഈ വിസ്മയതാരത്തിന്റെ അംഗീകാരത്തിനും പ്രോത്സാഹനത്തിനുമപ്പുറം ഇനി മറ്റൊന്നും കിട്ടാനില്ലെന്നും തലവൻ ടീം പറയുന്നു. ബുധനാഴ്ച കമൽഹാസന്റെ സന്ദേശം വന്നയുടനെ തന്നെ ചെന്നൈയിലെത്തിയ തലവൻ ടീം, വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കണ്ടത്.

ഷൂട്ടിങ് തിരക്കുകൾ മൂലം ബിജു മേനോന് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, തന്റെ നിറഞ്ഞ സന്തോഷം ബിജുവിനെ അറിയിക്കണമെന്ന് കമൽ ഹാസൻ തലവൻ ടീമിനെ ഓർമ്മിപ്പിച്ചു. ഉലകനായകനോടൊപ്പം ഒരു മേശക്ക് ചുറ്റുമിരുന്നു സന്തോഷം പങ്ക് വെക്കുന്ന ആസിഫ് അലിയുടേയും തലവൻ ടീമിന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫ്യൂച്ചർ റൺ അപ് ഫിലിംസിന്റെ അനുപ് കുമാർ വഴിയാണ് തലവൻ ടീം കമൽഹാസനെ നേരിട്ട് കണ്ടത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച തലവന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്.