”മമ്മൂക്ക ചെയ്യുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല, ഞാനിപ്പോൾ ആ രീതിയാണ് പിന്തുടരുന്നത്”; മനസ് തുറന്ന് കാളിദാസ് ജയറാം
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കാളിദാസ് ജയറാം. വളരെ സിംപിൾ ആയ വ്യക്തിത്വത്തിനുടമായാണ് ഈ താരപുത്രനെന്ന് ഇയാളുടെ അഭിമുഖങ്ങളിൽ നിന്നും മനസിലാക്കാം. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രമാണ് കാളിദാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബാലതാരമായി സിനിമയിലെത്തിയ താരം 2018ൽ പുറത്തിറങ്ങിയ പൂമരം എന്ന സിനിമയിലായിരുന്നു ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോൾ മലയാളത്തേക്കാളേറെ തമിഴിൽ സജീവമായ കാളിദാസ്, നടൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ്. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം ഇപ്പോഴും പല സംവിധായകരിൽ നിന്നും അവസരം ചോദിക്കാറുണ്ടെന്നും കാളിദാസ് പറയുന്നു. നടൻ എന്ന നിലയിൽ താനും ഇപ്പോൾ അതേ പാതയാണ് പിന്തുടരുന്നത്. അങ്ങനെയാണ് സുധാ കൊങ്കരയുടെ ഒരു ചിത്രം തനിക്ക് ലഭിച്ചതെന്നും കാളിദാസ് പറയുന്നു. സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
”ഒരു നടൻ എന്ന നിലയിൽ എനിക്ക് എപ്പോഴും ഇഷ്ടമുള്ള ആളാണ് മമ്മൂട്ടി സർ. 40 വർഷത്തിന് മുകളിലായി അദ്ദേഹം സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോഴും ഓരോ സംവിധായകരെ വിളിച്ച് സിനിമയിൽ അവസരം ചോദിക്കാറുണ്ട്. അദ്ദേഹം എപ്പോഴും പറയുന്ന കാര്യമാണ്, ഒരു നടൻ എപ്പോഴും അവസരങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കണം, അതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്ന്.
അതാണിപ്പോൾ ഞാനും പിന്തുടരുന്നത്. അവസരങ്ങൾ ചോദിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. നമുക്ക് കിട്ടുന്ന ചെറിയ അവസരം പോലും നമ്മൾ പാഴാക്കി കളയരുത്. ഒരുപാട് പേരിവിടെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമയിൽ അവസരം ചോദിക്കുന്നത് നല്ല കാര്യമാണ്”- കാളിദാസ് പറയുന്നു.