മോഹൻലാൽ മികച്ച നടൻ, നടി മീര ജാസ്മിൻ, ടിനു പാപ്പച്ചൻ മികച്ച സംവിധായകൻ; കലാഭവൻ മണി മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു
അഞ്ചാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടിയും നടനും മോഹൻലാലിനും മീര ജാസ്മിനുമാണ്. മികച്ച സംവിധായകനുള്ള പ്രത്യേക പുരസ്കാരത്തിന് ടിനു പാപ്പച്ചൻ അർഹനായി. 2023ലെ മികച്ച സിനിമ മമ്മൂട്ടിച്ചിത്രം കാതൽ ആണ്. നടൻ കലാഭവൻ മണിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മണിയുടെ 53-ാം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിച്ചത്.
2023 ഡിസംബറിൽ പുറത്തിറങ്ങിയ ‘നേര്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോഹൻലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ‘ക്വീൻ എലിസബ’ത്തിലെ പ്രകടനത്തിലൂടെ മീര ജാസ്മിനും മികച്ച നടിയായി. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ കാതൽ ദി കോർ ആണ് മികച്ച ചിത്രം. കുഞ്ചാക്കോ ബോബനെ നായകനാക്കി 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ ചാവേർ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ടിനു പാപ്പച്ചൻ പുരസ്കാരത്തിനർഹനായത്.
തീപ്പൊരി ബെന്നി എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ജഗദീഷ് മികച്ച സഹനടനുള്ള അവാർഡ് സ്വന്തമാക്കി. മഞ്ജുപിള്ളയാണ് മികച്ച സഹനടി (ഫാലിമി ), മികച്ച പുതുമുഖ നടൻ: നിഹാൽ അഹമ്മദ് ( അടിയന്തരാവസ്ഥ കാലത്തെ അനുരാഗം), മികച്ച പുതുമുഖ നടി: ദേവിക രമേശ് ( ചീന ട്രോഫി ), മികച്ച നവാഗത സംവിധായകൻ: നഹാസ് ഹിദായത്ത് (ആർ.ഡി.എക്സ്).
പ്രത്യേക പുരസ്കാരം- സംവിധായകൻ : ടിനു പാപ്പച്ചൻ ( ചാവേർ ), നടൻ മനോജ് കെ. യു. ( പ്രണയ വിലാസം ), നടി അനശ്വര രാജൻ (നേര്), മികച്ച നിശ്ചല ഛായാഗ്രാഹകൻ- രാഹുൽ തങ്കച്ചൻ, മികച്ച ബാലപ്രതിഭ -വിനായക് രാകേഷ്. പുരസ്കാര ജേതാക്കളെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 നൽകി ആദരിക്കുമെന്നു കമ്മിറ്റി ചെയർമാൻ കെ.എസ് പ്രസാദും ജനറൽ സെക്രട്ടറി ഇസ്മായിൽ കൊട്ടാരപാട്ടും പറഞ്ഞു.